ന്യൂഡല്‍ഹി: കയറ്റുമതി വര്‍ധിച്ചതിനേക്കാള്‍ ഇറക്കുമതിയിലെ സങ്കോചമാണ് 2023-24 ആദ്യപാദത്തില്‍ വ്യാപാര കമ്മി കുറച്ചത്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഗവര്‍ണര്‍ ശക്തികാന്ത ദാസ് ചൂണ്ടിക്കാട്ടുന്നു. ദ്വൈമാസ ധനനയ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.ചരക്ക് കയറ്റുമതി കുറഞ്ഞതിനനുസൃതമായി ജൂണില്‍ എണ്ണ ഇതര, സ്വര്‍ണ്ണേതര ഇറക്കുമതി ചുരുങ്ങി.
ഡിമാന്റ് കുറഞ്ഞതിനാല്‍ സേവന കയറ്റുമതിയിലും ഇടിവുണ്ടായിട്ടുണ്ട്.സേവനകയറ്റുമതിയും ഉയര്‍ന്ന റെമിറ്റന്‍സും വരും പാദത്തില്‍ കറന്റ് അക്കൗണ്ട് (സിഎഡി)കമ്മി കുറയ്ക്കുമെന്ന വിശ്വാസം ഗവര്‍ണര്‍ പങ്കുവച്ചു.സിഎഡി നടപ്പ് വര്‍ഷത്തില്‍ ഫലപ്രദമായി കൈകാര്യം ചെയ്യാമെന്ന് ആര്‍ബിഐ കരുതുന്നു.
ഇന്ത്യയുടെ വ്യാപാരക്കമ്മി 20.13 ബില്യണ്‍ ഡോളറായാണ് ജൂണില്‍ കുറഞ്ഞത്. മെയ് മാസത്തിലിത് 22.1 ബില്യണ്‍ ഡോളറായിരുന്നു. കയറ്റുമതിയിലെ ഇടിവിനേക്കാള്‍ ഇറക്കുമതിയിലെ ഇടിവാണ് വ്യാപാരക്കമ്മി കുറച്ചത്.
ജൂണില്‍ ചരക്ക് കയറ്റുമതി 32.97 ബില്യണ്‍ ഡോളറും ഇറക്കുമതി 53.10 ബില്യണ്‍ ഡോളറുമാണ്.2022 ജൂണില്‍ ചരക്ക് കയറ്റുമതി 42.28 ബില്യണ്‍ ഡോളറായിരുന്നു. മെയ് 2023 ല്‍ ചരക്ക് കയറ്റുമതി 34.98 ബില്യണ്‍ ഡോളറും ഇറക്കുമതി 57.10 ബില്യണ്‍ ഡോളറുമായി.
2022 ജൂണിലെ 26.92 ബില്യണ്‍ ഡോളറുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2023 ജൂണിലെ സേവന കയറ്റുമതിയുടെ മൂല്യം 27.12 ബില്യണ്‍ ഡോളറായിട്ടുണ്ട്. .2023 ജൂണില്‍ ഇന്ത്യയുടെ മൊത്തത്തിലുള്ള കയറ്റുമതി (ചരക്കുകളും സേവനങ്ങളും സംയോജിപ്പിച്ച്) 60.09 ബില്യണ്‍ ഡോളര്‍. 22 ജൂണിനെ അപേക്ഷിച്ച് 13.16 ശതമാനം കുറവ്.
അതേസമയം 2023 ജൂണില്‍ മൊത്തം ഇറക്കുമതി 68.98 ബില്യണ്‍ ഡോളറായി. 2022 ജൂണിനെ അപേക്ഷിച്ച് 13.91 ശതമാനം ഇടിവ്. 2023 ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ ഇന്ത്യയുടെ മൊത്തത്തിലുള്ള കയറ്റുമതി (ചരക്കുകളും സേവനങ്ങളും സംയോജിപ്പിച്ച്) 7.29 ശതമാനം കുറയുമെന്ന് കണക്കാക്കപ്പെടുന്നു.
മൊത്തത്തിലുള്ള ഇറക്കുമതി 2022 ഏപ്രില്‍-ജൂണിനെ അപേക്ഷിച്ച് 10.18 ശതമാനം കുറയും.റിപ്പോനിരക്കും ജിഡിപി വളര്‍ച്ചാ അനുമാനവും 6.5 ശതമാനത്തില്‍ നിലനിര്‍ത്താന്‍ ആര്‍ബിഐ മോണിറ്ററി പോളിസി തയ്യാറായിട്ടുണ്ട്.എന്നാല്‍ നടപ്പ് സാമ്പത്തികവര്‍ഷത്തിലെ പണപ്പെരുപ്പ അനുമാനം 5.1 ശതമാനത്തില്‍ നിന്നും 5.4 ശതമാനമായി ഉയര്‍ത്തി.