മുംബൈ: വിലക്കയറ്റം വായ്പാപലിശയിലെ വർധനയും സംബന്ധിച്ച് അമേരിക്കൻ കേന്ദ്ര ബാങ്ക് മേധാവി നടത്തിയ പരാമർശങ്ങളെത്തുടർന്ന് ആഗോള വിപണികളിൽ അനിശ്ചിതത്വമുണ്ടെങ്കിലും ഇന്ത്യയിലെ ബാങ്കിങ് സംവിധാനം അതു മറികടക്കാൻ സുസജ്ജമാണെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.
ഉയർന്ന തോതിൽ വിദേശനാണ്യ കരുതൽ ധനം സൂക്ഷിക്കുന്നതുപോലുള്ള നടപടികൾ റിസർവ് ബാങ്കും കേന്ദ സർക്കാരും സ്വീകരിക്കുന്നുണ്ട്. രാജ്യത്തെ വിലക്കയറ്റത്തോത് ഇക്കൊല്ലം രണ്ടാം പകുതിയിൽ കുറഞ്ഞുതുടങ്ങും. നാലാം പാദത്തിൽ കാര്യമായി താഴും. രൂപയുടെ വിനിമയ മൂല്യമെടുത്താലും ഇന്ത്യ ശക്തമായ നിലയിലാണ്.
ഡോളറുമായുള്ള വിനിമയത്തിൽ രൂപയ്ക്ക് 4.5% വിലയിടിവ് ഉണ്ടായപ്പോൾ മറ്റ് കറൻസികളൊക്കെ അതിനെക്കാൾ വലിയ ഇടിവാണു നേരിട്ടതെന്ന് ശക്തികാന്ത ദാസ് പറഞ്ഞു.