ന്യൂഡല്‍ഹി: ഇന്ത്യയിലെ ഉയര്‍ന്ന പണപ്പെരുപ്പം ‘അസ്വീകാര്യവും അസുഖകരവു’ മാണെന്ന് റിസര്‍വ് ബാങ്ക് (ആര്‍ബിഐ) ഗവര്‍ണര്‍ ശക്തികാന്ത ദാസ്. വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) മീറ്റിംഗിന്റെ മിനിറ്റ്‌സിലാണ് ഈ വാക്കുകളുള്ളത്. എംപിസിയിലെ മറ്റ് അംഗങ്ങളും സമാന അഭിപ്രായമാണ് പങ്കുവെച്ചത്.
പണപ്പെരുപ്പം മനസ്സാക്ഷിയില്ലാത്ത വിധം ഉയര്‍ന്നതാണെന്ന് ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ മൈക്കല്‍ പത്ര പറഞ്ഞപ്പോള്‍ റീട്ടെയില്‍ വിലക്കയറ്റം 4% എന്ന ലക്ഷ്യത്തിലേക്കടുത്തില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് മറ്റുള്ളവര്‍ അഭിപ്രായപ്പെട്ടു. അതേസമയം, ലോക രാജ്യങ്ങളുടേതുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മെച്ചപ്പെട്ടതാണ്.
നടപടികള്‍
പണപ്പെരുപ്പത്തിന്റെയും സാമ്പത്തിക പ്രവര്‍ത്തനത്തിന്റെയും ചലനാത്മകതയ്ക്ക് അനുസരിച്ച് നടപടികള്‍ വേഗത്തിലും കര്‍ക്കശവുമാക്കുമെന്ന് ഗവര്‍ണര്‍ പറയുന്നു. ഉയര്‍ന്ന വളര്‍ച്ച, മാക്രോഎക്കണോമിക്, ഫിനാന്‍ഷ്യല്‍ സുസ്ഥിരത എന്നിവ ഉറപ്പുവരുത്തുന്ന നയങ്ങളാണ് സ്വീകരിക്കുക. വെല്ലുവിളികളും അനിശ്ചിതത്വങ്ങളും കണക്കിലെടുത്ത് രണ്ടും കല്‍പിച്ച പ്രവര്‍ത്തനത്തിലാണ് ആര്‍ബിഐ മുഴുകുന്നതെന്നും ശക്തികാന്ത ദാസ് പറഞ്ഞു.
നിലവിലെ നടപടികള്‍ നാണയനയ വിശ്വാസ്യത ശക്തിപ്പെടുത്തുകയും പണപ്പെരുപ്പ പ്രതീക്ഷകള്‍ ഉയര്‍ത്തുകയും ചെയ്യും. റീട്ടെയില്‍ പണപ്പെരുപ്പം ജൂലൈയില്‍ 6.71% ആയി കുറഞ്ഞിരുന്നു. തുടര്‍ച്ചയായി മൂന്ന് മാസവും രാജ്യം കുറഞ്ഞ തോതിലുള്ള പണപ്പെരുപ്പമാണ് രേഖപ്പെടുത്തിയത്.
അതേസമയം കേന്ദ്രബാങ്കിന്റെ നിര്‍ബന്ധിത ടാര്‍ഗെറ്റ് ബാന്‍ഡായ 2%-6% ത്തിന് മുകളിലാണ് ഇപ്പോഴും പണപ്പെരുപ്പമുള്ളത്. ആഗസ്ത് 3 മുതല്‍ 5 വരെ നടന്ന യോഗത്തില്‍, ബെഞ്ച്മാര്‍ക്ക് വായ്പാ നിരക്ക് 50 ബേസിസ് പോയിന്റ് വര്‍ധിപ്പിക്കാന്‍ എംപിസി തയ്യാറായി. ഇതോടെ റിപ്പോനിരക്ക് 5.40 ശതമാനമായി ഉയര്‍ന്നു.