മുംബൈ: ആമസോണ്‍ (പേ) ഇന്ത്യ, ഗൂഗിള്‍ ഇന്ത്യ ഡിജിറ്റല്‍ സര്‍വീസസ്, എന്‍എസ്ഡിഎല്‍ ഡാറ്റാബേസ് മാനേജ്മെന്റ്, സൊമാറ്റോ പേയ്മെന്റുകള്‍ എന്നിവ ഉള്‍പ്പെടെ പേയ്മന്റ് അഗ്രഗേറ്ററായി (പിഎ) പ്രവര്‍ത്തിക്കാന്‍ അനുമതിയുളള 32സ്ഥാപനങ്ങളുടെ പട്ടിക റിസര്‍വ് ബാങ്ക് ബുധനാഴ്ച പുറത്തിറക്കി. അപേക്ഷകളുടെ സൂക്ഷ്മപരിശോധന ഒരു തുടര്‍പ്രക്രിയയാണെന്ന് പറഞ്ഞ കേന്ദ്രബാങ്ക് , 2023 ഫെബ്രുവരി 15 വരെയുള്ള അപേക്ഷകളുടെ നിലവിലെ സ്ഥിതിയും പ്രസിദ്ധീകരിച്ചു. മൂന്ന് പട്ടികയാണ് പ്രസിദ്ധീകരിക്കപ്പെട്ടത് .
ഓണ്‍ലൈന്‍ പെയ്മന്റ് അഗ്രഗേറ്റര്‍മാരായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവയുടെ പേരുകളാണ് അതിലൊന്ന്. ഈ ഗണത്തില്‍ 32 സ്ഥാപനങ്ങളാണുള്ളത്. ഇവയ്ക്ക് തത്വത്തിലുള്ള അംഗീകാരമാണ് ലഭ്യമായിട്ടുള്ളത്.
തത്വത്തിലുള്ള അംഗീകാരം ലഭ്യമായെങ്കിലും പ്രവര്‍ത്തിക്കാന്‍ അനുമതിയില്ലാത്ത 28 സ്ഥാപനങ്ങളുടെ ലിസ്റ്റും പ്രസിദ്ധീകരിച്ചതില്‍ പെടുന്നു. മൂന്നാമത്തേത് ‘അപേക്ഷകള്‍ തിരിച്ചയച്ച/പിന്‍വലിച്ച 57 പിഎമാരുടെ ലിസ്റ്റിലാണ്. ഇവയ്ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയില്ല.
ഇടപാടുകള്‍ക്കായി അനുമതി ലഭിച്ച പിഎമാരെ മാത്രമാണ് ആശ്രയിക്കേണ്ടത്. അനുമതി ലഭ്യമാകുന്ന മുറയ്ക്ക് രണ്ടാം പട്ടികയിലുള്ളവയെ സ്വീകരിക്കാം. പെയ്മന്റ് അഗ്രഗേറ്റര്‍മാര്‍ക്കായുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഈയിടെ ആര്‍ബിഐ പുറത്തിറക്കിയിരുന്നു.