
ന്യൂഡല്‍ഹി: പ്രത്യേക വോസ്ട്രോ രൂപ അക്കൗണ്ടുകള്‍ (എസ്വിആര്‍എ) തുറക്കാന്‍ 18 രാജ്യങ്ങളില്‍ നിന്നുള്ള ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അനുമതി നല്‍കി.ഇന്ത്യയിലെ അംഗീകൃത ഡീലര്‍ (എഡി) ബാങ്കുകളെ സമീപിച്ച് പങ്കാളി രാജ്യങ്ങളിലെ ബാങ്കുകള്‍ക്ക് എസ്വിആര്‍എകള്‍ സ്ഥാപിക്കാം, കേന്ദ്ര ധനകാര്യ സഹമന്ത്രി ഭഗവത് കിഷന്റാവു കരാഡ് രാജ്യസഭയെ അറിയിച്ചു. രേഖകള്‍ പ്രകാരം, ബോട്‌സ്വാന, ഫിജി, ജര്‍മ്മനി, ഗയാന, ഇസ്രായേല്‍, കെനിയ, മലേഷ്യ, മൗറീഷ്യസ്, മ്യാന്‍മര്‍, ന്യൂസിലാന്‍ഡ്, ഒമാന്‍, റഷ്യ, സീഷെല്‍സ്, സിംഗപ്പൂര്‍, ശ്രീലങ്ക, ടാന്‍സാനിയ, ഉഗാണ്ട, യുണൈറ്റഡ് കിംഗ്ഡം എന്നീ 18 രാജ്യങ്ങളില്‍ നിന്നുള്ള ബാങ്കുകള്‍ 60 എസ് വിആര്‍എകളാണ് തുറന്നിട്ടുള്ളത്.
ഇതിന് ആഭ്യന്തര, വിദേശ എഡി ബാങ്കുകള്‍ക്ക് ആര്‍ബിഐ അനുമതി നല്‍കി. കാരാഡ് പരാമര്‍ശിച്ച 18 രാജ്യങ്ങളില്‍, റഷ്യ പ്രാദേശിക കറന്‍സിയിലെ വ്യാപാരം ‘ഡി-ഡോളറൈസേഷന്റെ’ ഭാഗമായി ഉപയോഗപ്പെടുത്തുന്നു. എന്നാല്‍ കയറ്റുമതി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യ പ്രാദേശിക കറന്‍സി വ്യാപാരം മുന്നോട്ടുവയ്ക്കുന്നത്.
ഇന്ത്യന്‍ രൂപയില്‍ ഇന്‍വോയ്‌സിംഗ്, പേയ്മന്റ് കയറ്റുമതി/ഇറക്കുമതികള്‍ തീര്‍പ്പാക്കല്‍ എന്നിവ നടത്താന്‍ 2022 ജൂലൈയിലാണ് ആര്‍ബിഐ ക്രമീകരണം ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി എസ് വിആര്‍എ പ്രക്രിയ ആരംഭിച്ചു. റഷ്യ-ഉക്രൈന്‍ യുദ്ധം കാരണമുണ്ടായ ചരക്ക് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലായിരുന്നു നടപടി.
കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍, യു.എ.ഇ, ഓസ്ട്രേലിയ തുടങ്ങിയ പങ്കാളി രാജ്യങ്ങളുമായി ഇന്ത്യ വ്യാപാര ഉടമ്പടികള്‍ സ്ഥാപിച്ചിട്ടുണ്ട്. ദേശീയ കറന്‍സിയില്‍ ഉഭയകക്ഷി, ആഗോള വ്യാപാരം നടത്താനുള്ള ശ്രമം നടക്കുമ്പോള്‍ തന്നെ യുകെ, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങിയ മറ്റ് മേഖലകളുമായി സ്വന്തന്ത്ര വ്യാപാര ചര്‍ച്ചകള്‍ സജീവമാക്കി.