ദില്ലി: സൗത്ത് ഇന്ത്യൻ ബാങ്കിന് 59.20 ലക്ഷം രൂപ പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. നിക്ഷേപങ്ങളിലെ പലിശ നിരക്ക്, ‘ബാങ്കുകളിലെ ഉപഭോക്തൃ സേവനം’ എന്നിവ സംബന്ധിച്ച ചില നിർദ്ദേശങ്ങൾ പാലിക്കാത്തതിനാണ് പിഴ ചുമത്തിയിരിക്കുന്നത്.
ബാങ്ക് അക്കൗണ്ടുകളിൽ, അക്കൗണ്ട് ഉടമകൾ മിനിമം ബാലൻസ് സൂക്ഷിക്കേണ്ടതുണ്ട്. എന്നാൽ ഇത് സൂക്ഷിക്കാത്ത ഉപഭോക്താക്കളിൽ നിന്നും ബാങ്ക് പിഴ ഈടാക്കിയിട്ടുണ്ട്. ഇത് എസ്എംഎസ്, ഇ-മെയിൽ വഴി ഉപഭോക്താക്കളെ അറിയിച്ചിട്ടില്ല.
ഇത് ആർബിഐയുടെ നിർദേശങ്ങൾക്ക് എതിരാണ്. അക്കൗണ്ട് ഉടമകളിൽ നിന്ന് പിഴ ഇനത്തിലോ മറ്റ് ഏത് രീതിയിലോ പണം ഈടാക്കുന്നുണ്ടെങ്കിൽ അത് അക്കൗണ്ട് ഉടമകളെ അറിയിച്ചിരിക്കണം.
ആർബിഐയുടെ നിർദേശം ബാങ്ക് പാലിച്ചിട്ടില്ലെന്ന് ആർബിഐയുടെ പരിശോധനയിൽ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തി ആർബിഐ സൗത്ത് ഇന്ത്യൻ ബാങ്കിന് നോട്ടീസ് അയച്ചു.
നോട്ടീസിനുള്ള ബാങ്കിൻ്റെ മറുപടിയും വിശദീകരണങ്ങളും പരിഗണിച്ച ശേഷം, ബാങ്കിനെതിരെയുള്ള ആരോപണങ്ങൾ നിലനിൽക്കുന്നതായി ആർബിഐ കണ്ടെത്തി, ഒടുവിൽ ബാങ്കിന് പിഴ ചുമത്തുന്ന തീരുമാനത്തിലേക്ക് ആർബിഐ എത്തി.
നിയമാനുസൃതവും നിർദേശങ്ങൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയാണ് പിഴ ചുമത്തിയിരിക്കുന്നതെന്നും ബാങ്ക് ഇടപാടുകാരുമായി ഉണ്ടാക്കുന്ന ഏതെങ്കിലും ഇടപാടിൻ്റെയോ കരാറിൻ്റെയോ സാധുതയെ പരാമർശിക്കുന്നത് അല്ല നടപടിയെന്നും ആർബിഐ അറിയിച്ചു.
നേരത്തെ, സിറ്റി ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നിവയ്ക്ക് റിസർവ് ബാങ്ക് പിഴ ചുമത്തിയിരുന്നു. ആർബിഐ നിർദേശിച്ച വിവിധ മാനദണ്ഡങ്ങൾ ലംഘിച്ചതിനാണ് പിഴ. 10.34 കോടി രൂപയാണ് പിഴ.