ദില്ലി: മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ജമ്മു ആൻഡ് കശ്മീർ (ജെ&കെ) ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക് എന്നിവയ്‌ക്ക് പിഴ ചുമത്തി റിസർവ് ബാങ്ക്.
കെവൈസി പാലിക്കുന്നതിൽ വീഴ്ചയും ഒപ്പം സാമ്പത്തിക ഉൾപ്പെടുത്തലുമായി ബന്ധപ്പെട്ട ചില മാനദണ്ഡങ്ങൾ ലംഘിച്ചതിന് ജമ്മു ആൻഡ് കശ്മീർ ബാങ്കിന് 3.31 കോടി രൂപയാണ് ആർബിഐ പിഴ ചുമത്തിയത്.
1949ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ ചില വ്യവസ്ഥകൾ പാലിക്കാത്തതിന് പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് ഒരു കോടി രൂപ പിഴ ചുമത്തിയതായി ആർബിഐ മറ്റൊരു ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
മുൻഗണനാ മേഖലയിലെ വായ്പകൾ, നിക്ഷേപങ്ങളുടെ പലിശ നിരക്ക് എന്നിവയിലെ നിർദേശങ്ങൾ പാലിക്കാത്തതിന് കനറാ ബാങ്കിന് 1.63 കോടി രൂപ പിഴ ചുമത്തി. അതേസമയം, ഈ ബാങ്കുകൾക്കെതിരായ നടപടി ഉപഭോക്താക്കളെ ബാധിക്കില്ലെന്ന് ആർബിഐ അറിയിച്ചു.
ബാങ്കുകളുടെ ഇടപടുകാരെ ഒരു തരത്തിലും ഈ നടപടി ബാധിക്കില്ല ആർബിഐ അറിയിച്ചു
കഴിഞ്ഞ മാസം, മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്ന് രണ്ട് സഹകരണ ബാങ്കുകൾക്ക് റിസർവ് ബാങ്ക് പിഴ ചുമത്തിയിരുന്നു.
കെവൈസിയുമായി ബന്ധപ്പെട്ട നിർദേശങ്ങൾ പാലിക്കാത്തതും ലോൺ അംഗീകാരങ്ങൾ നൽകുന്നതിലെ വീഴ്ചയും ഫണ്ട് കൈമാറ്റങ്ങളുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ലംഘിച്ചതുമാണ് ആർബിഐ നടപടിയെടുക്കാൻ കാരണം.
നിയമപരമായ പരിശോധന നടത്തിയ ശേഷമാണ് ആർബിഐ ബാങ്കുകൾക്ക് പിഴ ചുമത്തിയത്.