ദില്ലി: റിസർവ് ബാങ്ക് നിർദേശിച്ച റെഗുലേറ്ററി മാനദണ്ഡങ്ങൾ പാലിക്കാത്തതിന് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ആർബിഎൽ ബാങ്ക്, ബജാജ് ഫിനാൻസ് ലിമിറ്റഡ് എന്നിവയ്ക്ക് പിഴ ചുമത്തി. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ഒരു കോടി രൂപയാണ് പിഴയായി നൽകേണ്ടത്.
വായ്പകളും അഡ്വാൻസുകളും സംബന്ധിച്ച റിസർവ് ബാങ്ക് നിർദേശങ്ങൾ ലംഘിച്ചതിനാണ് പിഴ.
സ്വകാര്യ മേഖലാ ബാങ്കുകളിലെ ഓഹരികൾ അല്ലെങ്കിൽ വോട്ടിംഗ് അവകാശങ്ങൾ ഏറ്റെടുക്കുന്നതിനുള്ള മുൻകൂർ അനുമതി തേടേണ്ട നിയമങ്ങൾ പാലിക്കാത്തതിന് ആർബിഎൽ ബാങ്കിനും പിഴ ചുമത്തി.
ബജാജ് ഫിനാൻസ് ലിമിറ്റഡിന് 8.5 ലക്ഷം രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്.
എൻബിഎഫ്സികളിലെ ഇടപാടുകൾ കാര്യക്ഷമമായി നിരീക്ഷിക്കാത്തതിനാണ് ബജാജ് ഫിനാൻസ് ലിമിറ്റഡിന് പിഴ ചുമത്തിയതെന്ന് ആർബിഐ പ്രസ്താവനയിൽ പറയുന്നു.
പിഴ ഈടാക്കിയ എല്ലാ കേസുകളിലും, ആർബിഐയുടെ നിർദേശങ്ങൾ പാലിക്കാത്തതിനാലാണ്. ഒരിക്കലും സ്ഥാപനങ്ങൾ അതത് ഉപഭോക്താക്കളുമായി നടത്തുന്ന ഏതെങ്കിലും ഇടപാടിന്റെയോ കരാറിന്റെയോ സാധുതയെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, അഹമ്മദാബാദിലെ സുവികാസ് പീപ്പിൾസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിനെ അഹമ്മദാബാദിലെ കലുപൂർ കൊമേഴ്‌സ്യൽ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡുമായി ലയിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് അംഗീകാരം നൽകിയതായും സെൻട്രൽ ബാങ്ക് അറിയിച്ചു.ഒക്ടോബർ 16 മുതൽ പദ്ധതി നിലവിൽ വരും.
കഴിഞ്ഞ ദിവസങ്ങളിലായി അണ്ണാസാഹെബ് മഗർ സഹകാരി ബാങ്ക് ലിമിറ്റഡ്, ദി ജവഹർ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, ജനതാ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, ഫിൻക്വസ്റ്റ് ഫിനാൻഷ്യൽ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ സഹകരണ ബാങ്കുകൾക്കും ആർബിഐ പിഴ ചുമത്തിയിരുന്നു.