ദില്ലി: രാജ്യത്തെ എട്ട് ബാങ്കുകൾക്ക് പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഒരു ലക്ഷം രൂപ മുതൽ 40 ലക്ഷം രൂപ വരെയാണ് പിഴ. ഛത്തീസ്ഗഡ് രാജ്യ സഹകാരി ബാങ്ക്, ഗോവ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക്, ഗർഹ സഹകരണ ബാങ്ക്, യവത്മാൽ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക്, ജില സഹകാരി കേന്ദ്രീയ ബാങ്ക്, വാരൂദ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക്, ഇന്ദാപൂർ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് , കൂടാതെ ദി മെഹ്‌സാന അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് എന്നീ ബാങ്കുകൾക്കാണ് പിഴ ചുമത്തിയത്.
ബാങ്കുകൾ ആർബിഐ നൽകിയ നിയമങ്ങൾ പാലിക്കാത്തതിനാലാണ് പിഴ ചുമത്തിയിരിക്കുന്നത്. ഇതിൽ കെവൈസി പുതുക്കുന്ന നിയമങ്ങൾ പാലിക്കാത്ത അടക്കമുള്ള നിയമലംഘനങ്ങൾ ഉണ്ട്. കഴിഞ്ഞ മാസവും വിവിധ ബാങ്കുകൾക്ക് ആർബിഐ പിഴ ചുമത്തിയിരുന്നു. ഫെഡറൽ ബാങ്കിന് (Federal Bank) 5.72 കോടി രൂപ പിഴ ചുമത്തി.
ഇൻഷുറൻസ് ബ്രോക്കിംഗ്/കോർപ്പറേറ്റ് (flouting insurance broking norms) ഏജൻസി സേവനങ്ങളുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ പാലിക്കാത്തതിനാണ് ആർബിഐ (RBI) ഫെഡറൽ ബാങ്കിന് പിഴ ചുമത്തിയത്. ഇൻഷുറൻസ് ഏജൻസി സേവനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ജീവനക്കാർക്ക് പണമായോ അല്ലാതെയോ ഇൻഷുറൻസ് കമ്പനി ഒരു പ്രോത്സാഹനവും നൽകുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിൽ ബാങ്ക് പരാജപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സെൻട്രൽ ബാങ്ക് അന്ന് പിഴ ഈടാക്കിയത്.
കൂടാതെ, നോ-യുവർ-കസ്റ്റമർ (KYC) മാനദണ്ഡങ്ങൾ പാലിക്കാത്തതിന് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് ആർബിഐ 70 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. റെഗുലേറ്ററി നിയമങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിനാൽ കൊട്ടക് മഹീന്ദ്ര ബാങ്കിനും ഇൻഡസ്ഇൻഡ് ബാങ്കിനും യഥാക്രമം 1.05 കോടി രൂപയും ഒരു കോടി രൂപയും ആർബിഐ മുൻപ് പിഴ ചുമത്തിയിട്ടുണ്ട്.
2018ൽ ഐസിഐസിഐ ബാങ്കിനാണ് ആർബിഐ ചുമത്തിയത്തിൽ ഏറ്റവും വലിയ പിഴ ചുമത്തിയത്. 58.9 കോടി രൂപയായിരുന്നു പിഴ. സർക്കാർ ബോണ്ടുകൾ കൈമാറ്റം ചെയ്യുന്നത് സംബന്ധിച്ച മാനദണ്ഡങ്ങൾ ലംഘിച്ചതിനാണ് ആർബിഐ പിഴ ചുമത്തിയത്.