ന്യൂഡല്‍ഹി: ഡിജിറ്റല്‍ കറന്‍സി (സിബിഡിസി) പുറത്തിറക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുകയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). ഇതിന്റെ ഭാഗമായി, യുഎസ് ഫിന്‍ടെക് കമ്പനിയായ എഫ്‌ഐഎസുമായി കൂടിയാലോചന നടത്താനും പരീക്ഷണ വിനിമയത്തിനായി നാല് പൊതുമേഖല ബാങ്കുകളുടെ സഹായം തേടാനും കേന്ദ്രബാങ്ക് തയ്യാറായി.
‘ആര്‍ബിഐ ഇന്നൊവേഷന്‍ ഹബ്ബുമായി കമ്പനിയ്ക്ക് വിവിധ ഇടപാടുകളുണ്ട്,’ എഫ്‌ഐഎസിലെ സീനിയര്‍ ഡയറക്ടര്‍ ജൂലിയ ഡെമിഡോവ ദേശീയ മാധ്യമത്തോട് പ്രതികരിച്ചു. ‘ഞങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇന്നൊവേഷന്‍ ഹബ്ബില്‍ പ്രവര്‍ത്തിച്ച അനുഭവമുണ്ട്. സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സിയുടെ (സിബിഡിസി) വിവിധ ഓപ്ഷനുകള്‍ പരീക്ഷിക്കാന്‍ അതുകൊണ്ടുതന്നെ ഞങ്ങളുടെ കണക്റ്റഡ് ഇക്കോസിസ്റ്റത്തിന് കഴിയും,’ അവര്‍ പറഞ്ഞു.
ആഗോള സെന്‍ട്രല്‍ ബാങ്കര്‍മാരുമായി തങ്ങള്‍ റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സുകളും വര്‍ക്ക് ഷോപ്പുകളും നടത്തുന്നുണ്ടെന്നും മൊത്തമോ ചില്ലറയോ ആയ ഏത് സിബിഡിസി ഇടപാടായാലും ഞങ്ങളുടെ സാങ്കേതികവിദ്യ ഉപയോഗിച്ച് അവര്‍ക്ക് പണം പരിശോധിക്കാനും ടോക്കണൈസ് ചെയ്യാനും കഴിയുമെന്നും ഡെമിഡോവ പറഞ്ഞു. ഓഫ്‌ലൈന്‍ പേയ്‌മെന്റുകള്‍, പ്രോഗ്രാമബിള്‍ പേയ്‌മെന്റുകള്‍, പുതിയ മോണിറ്ററി പോളിസി ടൂള്‍കിറ്റ്, പലിശ നല്‍കുന്ന സിബിഡിസി, ഫ്രാക്ഷണല്‍ ബാങ്കിംഗ് പ്രശ്‌നങ്ങള്‍, സാമ്പത്തിക ഉള്‍പ്പെടുത്തല്‍, അതിര്‍ത്തി കടന്നുള്ള സിബിഡിസി പേയ്‌മെന്റുകള്‍ തുടങ്ങിയ വിഷയങ്ങളില്‍ എഫ്‌ഐഎസ് സെന്‍ട്രല്‍ ബാങ്കിനെ ഉപദേശിക്കും.
കറന്‍സി പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നതിന് ആര്‍ബിഐ നാല് പൊതുമേഖല ബാങ്കുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ‘സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ എന്നിവയോട് പരീക്ഷണാടിസ്ഥാനത്തില്‍ കറന്‍സി പ്രവര്‍ത്തിപ്പിക്കാന്‍ ആര്‍ബിഐ ആവശ്യപ്പെട്ടിട്ടുണ്ട്,’ പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ ബാങ്കുകള്‍ ഇക്കാര്യത്തില്‍ പ്രതികരണമറിയിച്ചിട്ടില്ല.
എന്നിരുന്നാലും, മറ്റൊരു മുതിര്‍ന്ന പൊതുമേഖലാ ബാങ്ക് ഉദ്യോഗസ്ഥന്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ തയ്യാറായി. റെഗുലേറ്ററിന്റെ പിന്തുണയുള്ളതും ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ സംഭരിക്കക്കാവുന്നതുമായ കറന്‍സിയാണ് സിബിഡിസി. പേപ്പര്‍ കറന്‍സിയായി ഇതിനെ പരിവര്‍ത്തനം ചെയ്യാം.
അതുകൊണ്ടുതന്നെ തങ്ങളുടെ ബാലന്‍സ് ഷീറ്റില്‍ പ്രതിഫലിപ്പിക്കാനും അതുവഴി സിബിസിഡിയ്ക്ക് നിയമപരമായ ടെന്‍ഡര്‍ പദവി നല്‍കാനും ആര്‍ബിഐയ്ക്ക് കഴിയും. സിബിഡിസി വികസിപ്പിക്കുന്നതിന്് ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യ, മതിയായ നിയന്ത്രണങ്ങളോടെ ആര്‍ബിഐയ്ക്ക് ഉപയോഗിക്കാമെന്ന് വിദഗ്ധര്‍ പറഞ്ഞിരുന്നു.
സിബിസിഡി ഒരു ഡിജിറ്റല്‍ അല്ലെങ്കില്‍ വെര്‍ച്വല്‍ കറന്‍സിയാണെന്നും എന്നാല്‍ കഴിഞ്ഞ ദശകത്തില്‍ കൂണുപോലെ മുളച്ചുപൊന്തുന്ന സ്വകാര്യ വെര്‍ച്വല്‍ കറന്‍സികളുമായോ ക്രിപ്‌റ്റോകറന്‍സിയുമായോ ഇതിനെ താരതമ്യപ്പെടുത്താനാവില്ലെന്നും ആര്‍ബിഐ അറിയിച്ചിരുന്നു. ഇടപാട് സാധുത ഇല്ലാത്തതിനാല്‍ സ്വകാര്യ വെര്‍ച്വല്‍ കറന്‍സികള്‍ ഒരു വ്യക്തിയുടെയും കടത്തെയോ ബാധ്യതകളെയോ പ്രതിനിധീകരിക്കുന്നില്ല, ആര്‍ബിഐ അവരുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞു.