ന്യൂഡല്‍ഹി: പ്രതീക്ഷകളെ മറികടന്ന തീരുമാനവുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റ് വര്‍ധിപ്പിക്കാന്‍ കേന്ദ്രബാങ്ക് തയ്യാറായി. 25-30 ബേസിസ് പോയിന്റ് വര്‍ധനവ് പ്രതീക്ഷിച്ച സ്ഥാനത്താണ് നിലവിലെ നീക്കം.
ഇതോടെ കോവിഡിന് മുന്‍പുള്ള നയത്തിലേയ്ക്ക് തിരിച്ചുപോകാന്‍ ആര്‍ബിഐ തയ്യാറായി. എന്നാല്‍ ജിഡിപി അനുമാനം 7.2 ശതമാനമാക്കി നിലനിര്‍ത്തിയിട്ടുണ്ട്. വെള്ളിയാഴ്ചയിലെ 50 ബേസിസ് പോയിന്റ് വര്‍ധനവോടെ റിപ്പോനിരക്ക് 5.4 ശതമാനത്തിലെത്തി.
വാണിജ്യബാങ്കുകള്‍ക്ക് അനുവദിക്കുന്ന ഹ്രസ്വകാല വായ്പകളിന്മേല്‍ കേന്ദ്രബാങ്ക് ചുമത്തുന്ന നിരക്കാണ് റിപ്പോ. ഉപഭോക്തൃ ചെറുകിട പണപ്പെരുപ്പം ഉയര്‍ന്ന പശ്ചാത്തലത്തില്‍ നിരക്കുയര്‍ത്താന്‍ ആര്‍ബിഐ നിര്‍ബന്ധിതരാവുകയായിരുന്നു. കഴിഞ്ഞ രണ്ട് പാദങ്ങളിലെ പണപ്പെരുപ്പം പ്രഖ്യാപിത ലക്ഷ്യമായ 6 ശതമാനത്തില്‍ കൂടുതലാണ്.
തുടര്‍ച്ചയായ മൂന്ന് പാദങ്ങളില്‍ ശരാശരി ഉപഭോക്തൃവില സൂചിക പണപ്പെരുപ്പം(സിപിഐ) 2-6 ശതമാനം എന്ന അനുവദനീയ പരിധിയ്ക്ക് പുറത്തായാല്‍ ആര്‍ബിഐയുടെ മോണിറ്ററി പോളിസി കമ്മിറ്റി അതിന്റെ കര്‍ത്തവ്യത്തില്‍ പരാജയപ്പെട്ടതായി കണക്കാക്കപ്പെടും. തുടര്‍ന്ന് പാര്‍ലമെന്റിന് മുന്‍പാകെ മറുപടി നല്‍കാന്‍ ബാങ്ക് ബാധ്യസ്ഥരാകും.
ജനുവരി-മാര്‍ച്ച് മാസങ്ങളില്‍ പണപ്പെരുപ്പം ശരാശരി 6.3 ശതമാനമായതിനാല്‍, ആര്‍ബിഐ ഇപ്പോള്‍ പരാജയത്തില്‍ നിന്ന് ഒരു പാദം മാത്രം അകലെയാണ്. അടുത്ത പാദത്തില്‍ കൂടി ശരാശരി സിപിഐ 6 ശതമാനത്തിന് മുകളില്‍ പോയാല്‍ ആര്‍ബിഐ മറുപടി പറയേണ്ടി വരും.
റഷ്യ-ഉക്രൈന്‍ യുദ്ധത്തെ തുടര്‍ന്നുണ്ടായ ചരക്ക് വിലവര്‍ധനവാണ് പ്രധാനമായും പണപ്പെരുപ്പമുയര്‍ത്തുന്നത്. യുദ്ധത്തെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില അന്തര്‍ദ്ദേശീയ വിപണിയില്‍ ഉയര്‍ന്നിരുന്നു. മാത്രമല്ല, ഭക്ഷ്യഎണ്ണ, ഭക്ഷ്യോത്പന്നങ്ങള്‍, ലോഹങ്ങള്‍ എന്നിവയുടെ വിലയും വര്‍ധിച്ചു.
മാത്രമല്ല, കോവിഡ് പ്രേരിത മാന്ദ്യത്തില്‍ നിന്നും സമ്പദ് വ്യവസ്ഥയെ കരകയറ്റുന്നതിന് ഡോവിഷ് നയങ്ങളാണ് ആര്‍ബിഐ പിന്തുടര്‍ന്നത്. വിപണിയില്‍ പണലഭ്യത ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം. കോവിഡ് ഭീഷണി അവസാനിച്ചിട്ടും അത്തരം നയങ്ങള്‍ പിന്‍വലിക്കാത്തത് വിലകയറ്റമുണ്ടാക്കി.
ഇതോടെ ഡോവിഷ് നയങ്ങളില്‍ നിന്നും വ്യതിചലിക്കാന്‍ സെന്‍ട്രല്‍ ബാങ്ക് തയ്യാറാവുകയായിരുന്നു. മെയ് മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 90 ബേസിസ് പോയിന്റ് നിരക്ക് വര്‍ധന വരുത്താന്‍ കേന്ദ്രബാങ്ക് തയ്യാറായി. പലിശനിരക്കിലുള്ള വര്‍ധനവ് മാന്ദ്യമുണ്ടാക്കില്ലെന്ന് ബാങ്ക് ആണയിടുന്നുണ്ട്.
ജിഡിപി അനുമാനം 7.2 ശതമാനമാക്കി നിലനിര്‍ത്താന്‍ തയ്യാറായത് സുരക്ഷിത ലാന്റിംഗ് ആര്‍ബിഐ പ്രതീക്ഷിക്കുന്നു എന്നതിന് തെളിവാണ്.