ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പ് കമ്പനികള്‍ക്ക് നല്‍കിയ വായ്പകളുടെ നിജസ്ഥിതിയറിയാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ബാങ്കുകളുമായി കൂടിയാലോചന തുടങ്ങി. കമ്പനിയിലുള്ള ബാങ്കുകളുടെ എക്‌സ്‌പോഷര്‍ പരിശോധിച്ച് വരികയാണെന്നും വായ്പകളുടെ നിലവിലെ സ്ഥിതി ആരാഞ്ഞിട്ടുണ്ടെന്നും ആര്‍ബിഐ വൃത്തങ്ങള്‍ പ്രതികരിക്കുന്നു. സിഎല്‍എസ്എ റിപ്പോര്‍ട്ടനുസരിച്ച് കമ്പനിയുടെ ബാങ്ക് വായ്പകള്‍ 38 ശതമാനം മാത്രമാണ്.
ബോണ്ടുകള്‍/കൊമേഴ്സ്യല്‍ പേപ്പറുകള്‍ 37 ശതമാനം, ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് കടമെടുത്തവ 11 ശതമാനം, ബാക്കി 12-13 ശതമാനം ഇന്റര്‍ ഗ്രൂപ്പ് ലെന്‍ഡിംഗ് എന്നിങ്ങനെയാണ് മറ്റ് വായ്പകള്‍. വായ്പാദാതാക്കളില്‍ പഞ്ചാബ് നാഷണല്‍ ബാങ്കും ഇന്‍ഡസ്ഇന്‍ഡ് ബാങ്കും ഉള്‍പ്പെടുന്നു. പഞ്ചാബ് നാഷണല്‍ ബാങ്കിന് ഏകദേശം 7000 കോടി രൂപയുടെ എക്‌സ്‌പോഷറാണുള്ളത്.
തങ്ങളുടെ മൊത്തം കടം 30 ബില്യണ്‍ ഡോളറാണെന്ന് ഗ്രൂപ്പ് സിഎഫ്ഒ ദേശീയ ചാനലിനോട് പറഞ്ഞിരുന്നു. ഇതില്‍ 4 ബില്യണ്‍ പണമായി സൂക്ഷിച്ചിരിക്കുന്നു. ബാങ്ക് വായ്പ 9 ബില്യണ്‍ ഡോളറാണ്.
അതേസമയം അദാനി ഗ്രൂപ്പ് ഓഹരികളുടെ തകര്‍ച്ച സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ)നിരീക്ഷിച്ചുവരികയാണ്. വിപണി മൂല്യത്തിലെ ചോര്‍ച്ച 86 ബില്യണ്‍ ഡോളറായി വര്‍ധിച്ചതോടെയാണ് ഇത്.