ന്യൂഡല്‍ഹി: ഈയാഴ്ച നടക്കുന്ന ധനനനയ അവലോകനയോഗത്തെ തുടര്‍ന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പലിശനിരക്കില്‍ 25-35 ബേസിസ് പോയിന്റ് വര്‍ധനവ് വരുത്തുമെന്ന് വിദഗ്ധര്‍. ആറംഗ മോണിറ്ററി കമ്മിറ്റിയുടെ യോഗം ഓഗസ്റ്റ് 3 നാണ് ചേരുക. 5 ന് കമ്മിറ്റി നിരക്ക് വര്‍ധന പ്രഖ്യാപിക്കും.
25 മുതല്‍ 35 ബേസിസ് പോയിന്റ് വര്‍ധനവാണ് പ്രതീക്ഷിക്കുന്നതെന്ന് ബോഫ ഗ്ലോബല്‍ റിസര്‍ച്ച് പ്രതികരിച്ചു. വര്‍ധന 50 ബിപിഎസ് വരെയാകാമെന്നും റിസര്‍ച്ച് സ്ഥാപനം പറയുന്നു. 25ബേസിസ് പോയിന്റ് വരെ വര്‍ധവുണ്ടാകുമെന്നാണ് ബാങ്ക് ഓഫ് ബറോഡയുടെ അനുമാനം.
ഏതെങ്കിലും തരത്തിലുള്ള ആഘാതത്തിന്റെ അഭാവത്തില്‍ പണപ്പെരുപ്പം ആര്‍ബിഐ പ്രവചനങ്ങള്‍ക്കനുസൃതമായി മാത്രമേ വളരൂ. ഈ സാഹചര്യത്തില്‍ പലിശ നിരക്ക് 25 ബേസിസ് പോയിന്റ് മാത്രമേ ഉയര്‍ത്തുകയൂള്ളൂ. അടുത്ത രണ്ട് മീറ്റിംഗുകളില്‍ 25 പോയിന്റുകള്‍ കൂടി വര്‍ധനവ് പ്രതീക്ഷിക്കാം, ബാങ്ക് ഓഫ് ബറോഡ അവരുടെ ഗവേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞു.
അതേസമയം പ്രധാന ഉയര്‍ത്തലുകളെല്ലാം സംഭവിക്കുക ഈവര്‍ഷമാണെന്നും അടുത്തവര്‍ഷം ഏപ്രിലില്‍ വൃത്തം പൂര്‍ത്തിയാകുമെന്നും പാന്തിയോണ്‍ മാക്രോഎക്കണോമിക്‌സിലെ മിഗയേല്‍ ചാങ്കോ പറഞ്ഞു. മെയ്, ജൂണ്‍ മാസങ്ങളിലെ രണ്ട് മീറ്റിംഗുകളിലായി റിപ്പോ നിരക്ക് 90 ബേസിസ് പോയിന്റ് ആര്‍ബിഐ വര്‍ദ്ധിപ്പിച്ചിരുന്നു. നിലവില്‍ 4.9 ശതമാനമാണ് റിപ്പോ നിരക്കുള്ളത്.
ഈ സാമ്പത്തിക വര്‍ഷത്തെ പണപ്പെരുപ്പ അനുമാനം വര്‍ധിപ്പിക്കാനും കേന്ദ്രബാങ്ക് തയ്യാറായി. ജൂലൈ-സെപ്റ്റംബര്‍ മാസങ്ങളിലെ ശരാശരി സിപിഐ പണപ്പെരുപ്പം 7.4 ശതമാനത്തില്‍ എത്തുമെന്നാണ് പുതിയ പ്രവചനം.ജൂണ്‍ മാസത്തില്‍ 7.1 ശതമാനം രേഖപ്പെടുത്തിയതോടെ പണപ്പെരുപ്പം ഇടത്തരം ലക്ഷ്യമായ 4 ശതമാനത്തിന് മുകളില്‍ എത്തിയിരുന്നു.
തുടര്‍ച്ചയായ 3ാം മാസത്തില്‍ ഉപഭോക്തൃ ചെറുകിട പണപ്പെരുപ്പം ലക്ഷ്യം ഭേദിച്ചു. തുടര്‍ച്ചയായ മൂന്ന് പാദങ്ങളില്‍ ശരാശരി ഉപഭോക്തൃവില സൂചിക പണപ്പെരുപ്പം(സിപിഐ) 26 ശതമാനം എന്ന അനുവദനീയ പരിധിയ്ക്ക് പുറത്തായാല്‍ ആര്‍ബിഐ മോണിറ്ററി പോളിസി കമ്മിറ്റി അതിന്റെ കര്‍ത്തവ്യത്തില്‍ പരാജയപ്പെട്ടതായി കണക്കാക്കപ്പെടും. തുടര്‍ന്ന് പാര്‍ലമെന്റിന് മുന്‍പാകെ മറുപടി നല്‍കാന്‍ കേന്ദ്രബാങ്ക് ബാധ്യസ്ഥരാകും.
ജനുവരി-മാര്‍ച്ച് മാസങ്ങളില്‍ പണപ്പെരുപ്പം ശരാശരി 6.3 ശതമാനമായതിനാല്‍, ആര്‍ബിഐ ഇപ്പോള്‍ പരാജയത്തില്‍ നിന്ന് ഒരു പാദം മാത്രം അകലെയാണ്.
അടുത്ത പാദത്തില്‍ കൂടി ശരാശരി സിപിഐ 6 ശതമാനത്തിന് മുകളില്‍ പോയാല്‍ മറുപടി പറയാന്‍ ആര്‍ബിഐ ബാധ്യസ്ഥരാകും.