മുംബൈ: പണപ്പെരുപ്പ നിരക്ക് വര്ധിക്കുന്ന സാഹചര്യത്തില് ഇത്തവണ റിസര്വ് ബാങ്ക് നിരക്ക് വര്ധിപ്പിക്കുമോ? 2.50 ശതമാനം വര്ധിപ്പിച്ചശേഷം കഴിഞ്ഞ രണ്ടുതവണ റിപ്പോ നിരക്ക് അതേപടി നിലനിര്ത്തുകയായിരുന്നു.
വിലക്കയറ്റ സമ്മര്ദം വിപണിയില് നിന്നുണ്ടായ സാഹചര്യത്തില് മറിച്ചൊരു തീരുമാനത്തിന് തയ്യാറാകുമോയെന്നാണ് വിദഗ്ധര് ഉറ്റുനോക്കുന്നത്. മൂന്നു ദിവസം നീണ്ടുനില്ക്കുന്ന മോണിറ്ററി പോളിസി കമ്മിറ്റി യോഗം ചൊവാഴ്ചയാണ് തുടങ്ങിയത്.
ധാന്യങ്ങള്, പച്ചക്കറികള്, പയറുവര്ഗങ്ങള് എന്നീ അവശ്യ സാധനങ്ങളുട വിലയില് ഗണ്യമായ വര്ധനവാണ് ഈയിടെയുണ്ടായിട്ടുള്ളത്. ക്രമരഹിതമായ മണ്സൂണും ചില രാജ്യങ്ങളിലെ വെള്ളപ്പൊക്കവുമൊക്കെ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത കുറച്ചിട്ടുണ്ട്.
ഇടക്കാലത്ത് നിര്ത്തിവെച്ച നിരക്ക് വര്ധന പുനരാരംഭിക്കാനുള്ള യുഎസ് ഫെഡ് റിസര്വിന്റെ തീരുമാനവും എംപിസി പരിഗണിച്ചേക്കും.
2022 മാര്ച്ചില് ആരംഭിച്ച നിരക്ക് വര്ധനയുമായി ഫെഡറല് റിസര്വ് ഇപ്പോഴും മുന്നോട്ടു പോകുകയാണ്. ഇതോടെ 5.25-5.50 ശതമാനത്തിലേക്കാണ് യുഎസിലെ വായ്പാ നിരക്ക് ഉയരുന്നത്.
ഇക്കാര്യങ്ങള് കൂടി പരിഗണിച്ചുകൊണ്ടായിരിക്കും റിസര്വ് ബാങ്ക് നിരക്ക് വര്ധന സംബന്ധിച്ച തീരുമാനമെടുക്കുക.
സമീപ ഭാവിയില് റിപ്പോ നിരക്ക് കുറയുമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന സാഹചര്യത്തില് ഇനിയുമൊരു വര്ധനവ് സാധാരണക്കാര്ക്ക് തിരിച്ചടിയാകും.