ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന് നല്‍കിയ വിശദീകരണ കുറിപ്പില്‍ പണപ്പെരുപ്പത്തിന് കാരണമായി കേന്ദ്രബാങ്ക് ചൂണ്ടിക്കാട്ടുന്നത് ഭൗമ രാഷ്ട്രീയ പ്രശ്‌നങ്ങളേയാണ്. പണപ്പെരുപ്പം 9 മാസങ്ങളില്‍ ടോളറന്‍സ് ബാന്‍ഡായ 6 ശതമാനത്തില്‍ കവിഞ്ഞിരുന്നു. തുടര്‍ന്ന്, ആര്‍ബിഐ സര്‍ക്കാറിന് വിശദീകരണം നല്‍കി.
ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങള്‍ കാരണമാണ് പണപ്പെരുപ്പം പരിധിയിലൊതുങ്ങാത്തത് എന്ന് കേന്ദ്രബാങ്ക് ധരിപ്പിച്ചതായാണ് വിവരം. പേരുവെളിപ്പെടുത്താനാഗ്രഹിക്കാത്ത ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വിശദീകരണക്കുറിപ്പിലെ കാര്യങ്ങള്‍ പരസ്യമാക്കാനാകില്ലെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് നേരത്തെ പറഞ്ഞിരുന്നു.
റഷ്യ-ഉക്രൈന്‍ യുദ്ധവും തുടര്‍ന്നുണ്ടായ ഊര്‍ജ്ജ, ചരക്ക് വിലവര്‍ദ്ധനവും പണപ്പെരുപ്പത്തിന്റെ കാരണങ്ങളായി ചൂണ്ടിക്കാട്ടപ്പെടുന്നു. തുടര്‍ന്ന് ഭക്ഷ്യ, ഇന്ധന ചെലവുകള്‍ വര്‍ദ്ധിച്ചു. അതോടൊപ്പം പകര്‍ച്ചവ്യാധി മൂലമുള്ള വിതരണ തടസ്സങ്ങള്‍കൂടി ചേര്‍ന്നതോടെ പണപ്പെരുപ്പം വഷളായി.
ഈ മാസം ആദ്യം അയച്ച കത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് വളരെക്കുറച്ച് മാത്രമേ അറിയാനായിട്ടുള്ളൂ.പരാജയം വിശദീകരിക്കാന്‍ നിയമം അനുശാസിക്കുന്നുണ്ടെങ്കിലും, സര്‍ക്കാര്‍ വിവരങ്ങള്‍ പരസ്യപ്പെടുത്തേണ്ടതില്ല എന്നതിനാലാണ് ഇത്. പണപ്പെരുപ്പം പാരമ്യത്തിലെത്തിയതിനെക്കുറിച്ച് ദാസ് പരസ്യമായി പറഞ്ഞ കാര്യങ്ങള്‍ക്ക് അനുസൃതമാണ് നിലവില്‍ ഉദ്യോഗസ്ഥരുടെ വെളിപെടുത്തല്‍.
ബ്‌ലൂംബെര്‍ഗ് സര്‍വേ പ്രകാരം റിപ്പോ നിരക്ക് 6.8 ശതമാനമായി ഉയരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.നിലവില്‍ 5.9 ശതമാനമാണ് നിരക്ക്. പണപ്പെരുപ്പം നിലവിലെ 6.8 ശതമാനത്തില്‍ നിന്നും ഒരു വര്‍ഷത്തിനുള്ളില്‍ 5 ശതമാനമായും കുറയും. ഉപഭോക്തൃ പണപ്പെരുപ്പം തുടര്‍ച്ചയായ മൂന്ന് പാദങ്ങളില്‍ 2%-6% ബാന്‍ഡില്‍ ഉയര്‍ന്നതാണ് വിശദീകരണം നല്‍കാന്‍ ആര്‍ബിഐയെ നിര്‍ബന്ധിതരാക്കിയത്.
തുടര്‍ന്ന് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അധ്യക്ഷനായ പാനല്‍ വിശദീകരണ കുറിപ്പ് തയ്യാറാക്കി.