
ന്യൂഡൽഹി: ബാങ്കുകളുടെ സ്വകാര്യവൽക്കരണത്തെ ആർ.ബി.ഐ എതിർത്തുവെന്ന റിപ്പോർട്ടുകൾ തള്ളി കേന്ദ്രബാങ്ക്. കഴിഞ്ഞ ദിവസം പുറത്തുവന്ന ആർ.ബി.ഐ ബുള്ളറ്റിനിലാണ് ബാങ്കുകളുടെ സ്വകാര്യവൽക്കരണത്തെ കുറിച്ച് പരാമർശമുള്ളത്.
പൊതുമേഖല ബാങ്കുകളുടെ സ്വകാര്യവൽക്കരണം ഗുണത്തേക്കാളേറെ ദോഷമുണ്ടാക്കുമെന്നായിരുന്നു ബുള്ളറ്റിനിലെ ലേഖനത്തിലൊന്നിൽ പറഞ്ഞിരുന്നത്.
ഇക്കാര്യത്തിലാണ് ആർ.ബി.ഐ വിശദീകരണം പുറത്തുവന്നത്. ബാങ്കുകളുടെ സ്വകാര്യവൽക്കരണത്തെ ആർ.ബി.ഐ എതിർത്തുവെന്ന രീതിയിൽ പുറത്തുവന്ന മാധ്യമ വാർത്തകൾക്കുള്ള വിശദീകരണമെന്ന രീതിയിലാണ് കേന്ദ്രബാങ്ക് കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്.
ബുള്ളറ്റിനിലെ ലേഖനത്തിൽ വന്ന അഭിപ്രായം ലേഖകന്റേത് മാത്രമാണ്. അത് ആർ.ബി.ഐ നിലപാടല്ലെന്നാണ് വിശദീകരണം. നേരത്തെ പൊതുമേഖല ബാങ്കുകളുടെ സ്വകാര്യവൽക്കരണം ഉണ്ടായാൽ അത് ചിലപ്പോൾ വിപരീതഫലമുണ്ടാക്കുമെന്നായിരുന്നു ആർ.ബി.ഐ ബുള്ളറ്റിനിലെ ലേഖനത്തിലെ പരാമർശം.