ന്യൂഡല്‍ഹി: 2024 സാമ്പത്തികവര്‍ഷത്തില്‍ രാജ്യത്തിന്റെ വളര്‍ച്ച 6.4 ശതമാനമായി കുറയുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ 7 ശതമാനത്തിന്റെ വളര്‍ച്ചയാണ് കേന്ദ്രബാങ്ക് കണക്കുകൂട്ടുന്നത്. ഭൗമ രാഷ്ട്രീയ പ്രതിസന്ധി, ആഗോള സമ്പദ് വ്യവസ്ഥയെ തളര്‍ത്തുന്നതായി ആര്‍ബിഐ നിരീക്ഷിക്കുന്നു.
ഇത് ഇന്ത്യയുടെ വളര്‍ച്ചയേയും ബാധിക്കും. ഉല്‍പ്പാദന, സേവന, ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖല ശുഭാപ്തിവിശ്വാസത്തിലാണെന്ന് ദ്വൈമാസ പണനയം പ്രഖ്യാപിച്ചുകൊണ്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. എന്നാല്‍ ഭൗമ-രാഷ്ട്രീയ പിരിമുറുക്കവും ആഗോള സാമ്പത്തിക സാഹചര്യങ്ങളും ഭീഷണിയായി തുടരുന്നു. “2023-24 ലെ യഥാര്‍ത്ഥ ജിഡിപി വളര്‍ച്ച 6.4% ആയിരിക്കും, “ദാസ് പറഞ്ഞു.
2023-24 ജൂണ്‍, സെപ്റ്റംബര്‍ പാദ വളര്‍ച്ച യഥാക്രമം 7.8%, 6.2% എന്നിങ്ങനെയാണ് പ്രതീക്ഷിക്കുന്നത്. ഡിസംബര്‍, മാര്‍ച്ച് പാദത്തില്‍ ജിഡിപി വളര്‍ച്ച യഥാക്രമം 6%, 5.8 ശതമാനമാകും.
”സമ്പദ്വ്യവസ്ഥയ്ക്കെതിരായ വെല്ലുവിളികളെ നേരിടാന്‍ ചടുലമായ പണനയവും ജാഗ്രതയും തുടരും.” അടുത്ത സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ച 6-6.5 ശതമാനമായി കുറയുമെന്ന് സാമ്പത്തിക വിദഗ്ധരും റേറ്റിംഗ് ഏജന്‍സികളും കണക്കുകൂട്ടിയിരുന്നു.