ന്യൂഡല്‍ഹി: യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസി (യുപിഐ) ല്‍ വിപ്ലവകരമായ മാറ്റം വരുത്താന്‍ ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ) ഒരുങ്ങുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് ചാറ്റ്‌ബോട്ടിനോട് സംഭാഷണം നടത്തി ഇടപാടുകള്‍ നടത്തുന്നത് ഉള്‍പ്പടെയുള്ള സവിശേഷതകള്‍ അവതരിപ്പിക്കാനാണ് ശ്രമം. ദ്വൈമാസ പണനയ അവലോകന യോഗത്തെ തുടര്‍ന്ന് ഗവര്‍ണര്‍ ശക്തികാന്തദാസാണ് നടപടികള്‍ പ്രഖ്യാപിച്ചത്.
സംഭാഷണ പേയ് മെന്റുകള്‍
എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ്) പവര്‍ സിസ്റ്റത്തിന് നിര്‍ദ്ദേശം നല്‍കി, പേയ്മന്റുകള്‍ പൂര്‍ത്തിയാക്കുന്ന സംവിധാനം ദാസ് നിര്‍ദ്ദേശിച്ചു. യുപിഐയുടെ ഉപയോഗവും വ്യാപ്തിയും വര്‍ദ്ധിപ്പിക്കുന്നതിന് സംവിധാനം ഉപകരിക്കുമെന്ന് ആര്‍ബിഐ കരുതുന്നു. ്‌സ്മാര്‍ട്ട്‌ഫോണുകളിലും ഫീച്ചര്‍ ഫോണുകള്‍ അടിസ്ഥാനമാക്കിയുള്ള യുപിഐ ചാനലുകളിലും ഈ സവിശേഷത ലഭ്യമാക്കും.
തുടക്കത്തില്‍ ഹിന്ദിയിലും ഇംഗ്ലീഷിലും പിന്നീട് കൂടുതല്‍ ഇന്ത്യന്‍ ഭാഷകളിലും ഈ സൗകര്യം ലഭ്യമാക്കും.
യുപിഐ ലൈറ്റ് പരിധി ഉയര്‍ത്തി
യുപിഐ ലൈറ്റിന്റെ ഇടപാട് പരിധി റിസര്‍വ് ബാങ്ക് 200 രൂപയില്‍ നിന്ന് 500 രൂപയായി ഉയര്‍ത്തി.
നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) 2022 സെപ്റ്റംബറില്‍ ആരംഭിച്ച യുപിഐ ലൈറ്റ്, ബാങ്ക് പ്രൊസസ് ഒപ്റ്റിമൈസ് ചെയ്ത് ചെറുകിട ഇടപാടുകള്‍ വേഗത്തില്‍ നടത്തുന്നു.പിന്‍ കോഡിന്റെ ആവശ്യമില്ലാതെ പ്രതിദിനം 200 രൂപ വരെ ഇടപാടുകള്‍ നടത്താന്‍ ഇത് ഉപയോക്താക്കളെ സഹായിക്കുന്നുണ്ട്.
കൂടാതെ യുപിഐ ലൈറ്റ് ഇടപാട് സമയം കുറച്ചു. ഇടപാട് പരിധി ഇപ്പോള്‍ 500 രൂപയായി ഉയര്‍ത്തിയിട്ടുണ്ടെങ്കിലും, ടു ഫാക്ടര്‍ ഓതന്റിക്കേഷനില്‍ ഇളവ് വരുത്തുന്നത് അപകടസാധ്യതകള്‍ ഉയര്‍ത്തുന്നതിനാല്‍ യുപിഐ ലൈറ്റ് ബാലന്‍സ് പരിധി 2,000 രൂപയായി നിലനിര്‍ത്തി.
പേടിഎം, ഭീം ആപ്പ്, ഗൂഗിള്‍പേ, മറ്റ് പേയ്‌മെന്റ് ആപ്ലിക്കേഷനുകള്‍ എന്നിവയില്‍ യുപിഐ ലൈറ്റ് ലഭ്യമാണ്. കാനറ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ഉത്കാര്‍ഷ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എന്നിവ വഴി യുപിഐ ലൈറ്റ് ഇടപാടുകള്‍ നടത്താം.
ഓഫ് ലൈന്‍ യുപിഐ പേയ് മെന്റുകള്‍
യുപിഐ ലൈറ്റ് പ്രോത്സാഹിപ്പിക്കുന്നതിനായി, നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ (എന്‍എഫ്‌സി) സാങ്കേതികവിദ്യ ഉപയോഗിച്ച് ഓഫ്‌ലൈന്‍ പേയ്‌മെന്റുകളും റിസര്‍വ് ബാങ്ക് അവതരിപ്പിക്കും. ഇന്റര്‍നെറ്റ് അല്ലെങ്കില്‍ ടെലികോം കണക്റ്റിവിറ്റി ദുര്‍ബലമാകുകയോ ലഭ്യമല്ലാതിരിക്കുകയോ ചെയ്യുമ്പോള്‍ സംവിധാനം റീട്ടെയില്‍ ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ പ്രാപ്തമാക്കും. മാത്രമല്ല ഇടപാട് വേഗതയില്‍ നടപ്പാക്കും. ഇതിനായി യുപിഐ, യുപിഐ ലൈറ്റ് എന്നിവ കൈകാര്യം ചെയ്യുന്ന എന്‍പിസിഐയ്ക്ക് കേന്ദ്രബാങ്ക് ഉടന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കും.