ന്യൂഡല്‍ഹി: എച്ച്ഡിഎഫ്‌സി ക്രെഡിലയ്ക്ക് ബാധകമായ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) തയ്യാറായി. നേരത്തെ എച്ച്ഡിഎഫ്‌സി ക്രെഡിലയിലെ എച്ച്ഡിഎഫ്‌സി ലിമിറ്റഡിന്റെ ഓഹരികള്‍ കൈമാറ്റം ചെയ്യാന്‍ ആര്‍ബിഐ അനുമതി നല്‍കിയിരുന്നു. എന്നാല്‍ കൈമാറ്റം പൂര്‍ത്തിയാകുന്നതിനിടയില്‍ പുതിയ ഉപഭോക്താക്കളെ ഓണ്‍ ബോര്‍ഡ് ചെയ്യരുതെന്ന് കേന്ദ്രബാങ്ക് ക്രെഡിലയോട് നിഷ്‌ക്കര്‍ഷിച്ചു.
ഏറ്റവും പുതിയ തീരുമാന പ്രകാരം ഉപഭോക്താക്കളെ ഓണ്‍ബോര്‍ഡ് ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങളില്‍ ആര്‍ബിഐ ഇളവ് വരുത്തി. എച്ച്ഡിഎഫ്‌സി ക്രെഡിലയയിലെ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ പങ്കളിത്തം 10 ശതമാനമായി കുറയ്ക്കുന്നതിന് വിധേയമാണ് ഇളവുകള്‍. 2024 മാര്‍ച്ച് 31 നകം പങ്കാളിത്തം കുറയ്ക്കാനാണ് ആര്‍ബിഐ ആവശ്യപ്പെട്ടിരിക്കുന്നത്.
നിലവില്‍ ക്രെഡിലയുടെ വില്‍പന എച്ച്ഡിഎഫ്‌സി പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ 90 ശതമാനം ഓഹരികളും ക്രിസ് ക്യാപിറ്റല്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ ഇക്വിറ്റി സ്ഥാപനങ്ങളുടെ കണ്‍സോര്‍ഷ്യമാണ് സ്വന്തമാക്കിയത്. 9,060 കോടി രൂപയുടേതായിരുന്നു ഇടപാട്.
ഹൗസിംഗ് ഡെവലപ്മെന്റ് ആന്റ് ഫിനാന്‍സ് കോര്‍പറേഷന്റെ (എച്ച്ഡിഎഫ്സി) വിദ്യാഭ്യാസ വായ്പ വിഭാഗമാണ് എച്ച്ഡിഎഫ്സി ക്രെഡില. ”എച്ച്ഡിഎഫ്സി ലിമിറ്റഡ്, എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡ്, എച്ച്ഡിഎഫ്സി ക്രെഡില ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് എന്നിവ എച്ച്ഡിഎഫ്സി ക്രെഡിലയിലെ ഭൂരിഭാഗം ഓഹരികളും ബിപിഇഎ ഇക്യുടി, ക്രിസ് ക്യാപിറ്റല്‍ എന്നിവയുടെ നിക്ഷേപക കണ്‍സോര്‍ഷ്യത്തിന് വില്‍പന നടത്തി. അതിനുള്ള കരാറുകളില്‍ ഇവര്‍ ഏര്‍പ്പെട്ടു,” എച്ച്ഡിഎഫ്സി എക്സ്ചേഞ്ച് ഫയലിംഗില്‍ അറിയിക്കുന്നു.
കോപ്പൂര്‍ണ്‍ ബി.വി., മോസ് ഇന്‍വെസ്റ്റ്മെന്റ്സ് ലിമിറ്റഡ്, ഡെഫാറ്റി ഇന്‍വെസ്റ്റ്മെന്റ്സ് ഹോള്‍ഡിംഗ് ബി.വി എന്നിവ ഉള്‍പ്പെട്ടതാണ് നിക്ഷേപ കണ്‍സോര്‍ഷ്യം. കൊപ്പൂര്‍ ബി.വി. ബിപിഇഎ ഇക്യുടി ഗ്രൂപ്പിന്റെയും മോസ് ഇന്‍വെസ്റ്റ്മെന്റ്സ്, ഡെഫാറ്റി ഇന്‍വെസ്റ്റ്മെന്റ്സ് ഹോള്‍ഡിംഗ് ബി.വി. ഇന്‍ഫിനിറ്റി പാര്‍ട്ണര്‍മാര്‍ എന്നിവ ക്രിസ് ക്യാപിറ്റല്‍ ഗ്രൂപ്പിന്റെയും ഭാഗമാണ്. 1352.18 കോടി രൂപയായിരുന്നു 2022-23 സാമ്പത്തികവര്‍ഷത്തില്‍ എച്ച്ഡിഎഫ്സി ക്രെഡില നേടിയ വരുമാനം.
2023 മാര്‍ച്ച് 31 വരെയുള്ള അവരുടെ അറ്റമൂല്യം 2435.09 കോടി രൂപയാണ്. ജൂലൈ 1 ന് പൂര്‍ത്തിയാകുന്ന എച്ച്ഡിഎഫ്‌സി-എച്ച്ഡിഎഫ്‌സി ബാങ്ക് ലയനവുമായി ബന്ധപ്പെട്ടാണ് എച്ച്ഡിഎഫ്‌സി ക്രെഡിലയിലെ ഓഹരി പങ്കാളിത്തം എച്ച്ഡിഎഫ്‌സി ബാങ്ക് കുറയ്ക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടായി വിശേഷിപ്പിക്കപ്പെടുന്ന എച്ച്ഡിഎഫ്‌സി-എച്ച്ഡിഎഫ്‌സി ബാങ്ക് ലയനം, 18 ലക്ഷം കോടി രൂപയുടെ ആസ്തിയുള്ള ഒരു പുതിയ സാമ്പത്തിക സേവന ഭീമന്റെ ആവിര്‍ഭാവത്തിന് കാരണമാകും.