
ന്യൂഡല്‍ഹി: തട്ടിപ്പുകള്‍ തടയുന്നതിനായി, ഡിജിറ്റല്‍ വായ്പകള്‍ക്ക് നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരിക്കയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). ഇതിനായി പ്രത്യേക മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്രബാങ്ക് പുറത്തിറക്കി. അത് പ്രകാരം വായ്പാ വിതരണവും തിരിച്ചടവും വായ്പാദാതാവിന്റെയും റെഗുലേറ്ററുടെ അക്കൗണ്ടിലൂടെ മാത്രമേ സാധ്യമാകൂ.
വായ്പാ ദാതാവിന്റെ പൂള്‍ അക്കൗണ്ടോ മൂന്നാം പാര്‍ട്ടിയുടെ അക്കൗണ്ടോ ഇതിനായി ഉപയോഗപ്പെടുത്തരുതെന്നും ആര്‍ബിഐ നിഷ്‌ക്കര്‍ഷിക്കുന്നു. ഫിന്‍ടെക് സ്ഥാപനങ്ങള്‍ അവര്‍ക്കനുവദിച്ച ലൈസന്‍സ് പരിധിയ്ക്കുള്ളില്‍ നിന്നുകൊണ്ട് പ്രവര്‍ത്തിക്കണമെന്നും ലൈസന്‍സിതര പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട് സമ്പദ് വ്യവസ്ഥയ്ക്ക് ഭീഷണി ഉയര്‍ത്താന്‍ ഇത്തരം സ്ഥാപനങ്ങളെ അനുവദിക്കില്ലെന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഗവര്‍ണര്‍ ശക്തികാന്ത ദാസ് നേരത്തെ പറഞ്ഞിരുന്നു. ലൈസന്‍സ് ഇതര പ്രവര്‍ത്തനങ്ങളിലേര്‍പ്പടണമെങ്കില്‍ മുന്‍കൂര്‍ അനുവാദം വാങ്ങിയിരിക്കണം.
നൂതന ആവിഷ്‌ക്കാരത്തോട് തുറന്ന സമീപനമാണുള്ളത്. എന്നാല്‍ നിയന്ത്രണങ്ങള്‍ പാലിച്ചുവേണം ഡിജിറ്റല്‍ ആവാസവ്യവസ്ഥ പ്രവര്‍ത്തിക്കാന്‍, ഗവര്‍ണര്‍ പറഞ്ഞു. ഫിന്‍ടെക്, വന്‍കിട ടെക് സ്ഥാപനങ്ങള്‍ കാരണം സാമ്പത്തിക വ്യവസ്ഥയ്ക്ക് ഉണ്ടായേക്കാവുന്ന അപകടസാധ്യതകള്‍ ഈയിടെ പുറത്തിറക്കിയ ഫിനാന്‍ഷ്യല്‍ സ്‌റ്റെബിലിറ്റി റിപ്പോര്‍ട്ടില്‍ (എഫ്എസ്ആര്‍),ഉള്‍പ്പെടുത്താനും ആഴ്ചകള്‍ക്ക് മുന്‍പ് ആര്‍ബിഐ തയ്യാറായി.
പുതിയ സ്ഥാപനങ്ങള്‍ ബാങ്കുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെന്നും അതുകൊണ്ടുതന്നെ അവയെ എങ്ങിനെ നിയന്ത്രിക്കാമെന്ന് ആലോചിക്കുകയാണെന്നും കേന്ദ്രബാങ്ക് ഈയിടെ അറിയിച്ചു. അതേസമയം വാലറ്റ്, പ്രീപെയ്ഡ് പെയ്മന്റ് ഇന്‍സ്ട്രുമെന്റുകളില്‍ നിശ്ചിത കാല വായ്പകള്‍ തുടങ്ങാന്‍ പെയ്മന്റ് കമ്പനികളെ അനുവദിക്കാത്ത റിസര്‍വ് ബാങ്ക് നടപടിയ്‌ക്കെതിരെ പെയ്മന്റ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (പിസിഐ), ഫിന്‍ടെക് സ്ഥാപനങ്ങള്‍ എന്നിവ രംഗത്തുവന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യമാണെന്നാണ് അവരുടെ നിലപാട്.
കസ്റ്റമറെ അറിയല്‍ (കെവൈസി) നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്ന വാലറ്റുകള്‍ ബാങ്ക് അക്കൗണ്ടുകള്‍ക്ക് തുല്യമാക്കണമെന്ന് ഇന്റര്‍നെറ്റ് ആന്റ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (ഐഎഎംഐ)യുടെ കീഴിലുള്ള പിസിഐ പറഞ്ഞു. വാലറ്റുകള്‍ വഴി വായ്പകള്‍ നല്‍കാന്‍ ഫിന്‍ടെക്കുകളെ അനുവദിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
വാലറ്റ്, പ്രീപെയ്ഡ് ഇന്‍സ്ട്രുമെന്റ് വഴിയുള്ള ഫിന്‍ടെക് വായ്പകള്‍ റദ്ദ് ചെയ്ത് ആര്‍ബിഐ ഉത്തരവിറക്കിയിരുന്നു.