മുംബൈ: റിസർവ് ബാങ്ക് ബാങ്ക് ഓഫ് ഇംഗ്ലണ്ടിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 102 ടൺ സ്വർണം തിരികെ ഇന്ത്യയിലെത്തിച്ചു. യുകെയിൽ നിന്ന് അടുത്തിടെ 100 ടൺ സ്വർണം മാറ്റിയിരുന്നു. ഇതോടെ റിസർവ് ബാങ്കിൻ്റെ മൊത്തം 855 ടൺ കരുതൽ സ്വർണത്തിൽ 510.5 ടണ്ണും ഇന്ത്യയിൽ തന്നെയായി. ആഗോള അനിശ്ചിതത്വങ്ങൾക്കിടയിൽ ഇന്ത്യയുടെ കരുതൽ ശേഖരം ഇന്ത്യയിൽ തന്നെ സൂക്ഷിക്കുകയാണ് ലക്ഷ്യം. പ്രത്യേക വിമാനങ്ങളിൽ അതീവ സുരക്ഷാ സവന്നാഹത്തോടെയാണ് സ്വർണം ഇന്ത്യയിൽ എത്തിച്ചത്. അടിയന്തര ഘട്ടങ്ങളിലെ പണലഭ്യതയും സമ്പത്തിൻ്റെ സുരക്ഷിതത്വവും ഉൾപ്പെടെ ലക്ഷ്യമിട്ടാണിത്.
നിലവിൽ ഇന്ത്യയുടെ 324 ടൺ സ്വർണ ശേഖരമാണ് വിവിധ രാജ്യാന്തര ബാങ്കുകളുടെ ലോക്കറുകളിലായി വിദേശത്തുള്ളത്. വിവിധ രാജ്യങ്ങളുടെ കറൻസി മൂല്യങ്ങളിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളും സാമ്പത്തിക പ്രതിസന്ധികളും ഒക്കെ ഒരു പരിധിവരെ പ്രതിരോധിക്കാനും സുരക്ഷിതത്വം ഉറപ്പാക്കാനും രാജ്യങ്ങൾ സ്വർണ ശേഖരം ഉയർത്താറുണ്ട്. ലോകത്ത് ഏറ്റവുമധികം സ്വർണ ശേഖരമുള്ള രാജ്യം യുഎസ് ആണ്. 8,133.46 ടൺ സ്വർണമാണ് യുഎസ് കൈവശം വെച്ചിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് ജർമനിയുണ്ട്. 3,351.53 ടൺ സ്വർണ ശേഖരമാണ് ജർമനിയിലുള്ളത്.