
ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയെ, നിബന്ധനകള്‍ക്ക് വിധേയമായി പ്രോംപ്റ്റ് കറക്റ്റീവ് ആക്ഷന്‍ (പിസിഎ) ചട്ടക്കൂടില്‍ നിന്ന് ഒഴിവാക്കിയിരിക്കയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). എന്‍പിഎ പാരാമീറ്ററുകള്‍ പാലിക്കുന്നതില്‍ നിന്നും ബാങ്ക് ഇതോടെ ഒഴിവാകും. സാധാരണ പ്രവര്‍ത്തനത്തിലേയ്ക്ക് മടങ്ങാമെങ്കിലും ബാങ്ക് തുടര്‍ച്ചയായ നിരീക്ഷണത്തിന് വിധേയമാക്കപ്പെടുമെന്ന് ആര്‍ബിഐ പറയുന്നു.
സെന്‍ട്രല്‍ ബാങ്കിന്റെ പ്രകടനം സാമ്പത്തിക മേല്‍നോട്ട ബോര്‍ഡ് അവലോകനം ചെയ്തതായി കേന്ദ്രബാങ്ക് പ്രസ്താവനയില്‍ പറഞ്ഞു. 2022 മാര്‍ച്ച് 31ന് അവസാനിച്ച വര്‍ഷത്തില്‍ ബാങ്ക് പിസിഎ പാരാമീറ്ററുകള്‍ ലംഘിച്ചിട്ടില്ല.3.93 ശതമാനമായി അറ്റ എന്‍പിഎ കുറയ്ക്കാനും 2022 ജൂണ്‍ അവസാനത്തോടെ സാധിച്ചു.
2017 മാര്‍ച്ചില്‍ 10.20 ശതമാനമായിരുന്നു എന്‍പിഎ. എന്നാല്‍ മിനിമം റെഗുലേറ്ററി ക്യാപിറ്റല്‍, നെറ്റ് എന്‍പിഎ, ലിവറേജ് റേഷ്യോ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ബാങ്ക് തുടര്‍ന്നും പ്രതിജ്ഞാബദ്ധമാണ്. അഞ്ച് പാദങ്ങളായി പിസിഎ ചട്ടക്കൂടിന് കീഴിലുള്ള പാരാമീറ്ററുകള്‍ പാലിക്കുന്നുണ്ടെന്ന് വായ്പാ ദാതാവ് നേരത്തെ അറിയിച്ചിരുന്നു.
പിസിഐയില്‍ നിന്നും പുറത്തുവരുന്ന അവസാനത്തെ ബാങ്കാണ് സെന്‍ട്രല്‍. കഴിഞ്ഞ സെപ്റ്റംബറില്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിനെയും യുകോ ബാങ്കിനെയും കേന്ദ്രബാങ്ക് നീക്കം ചെയ്തിരുന്നു. വാര്‍ത്ത് പുറത്ത് വന്നതിനെ തുടര്‍ന്ന് ബാങ്ക് ഓഹരി ബുധനാഴ്ച 6.39 ശതമാനം ഉയര്‍ന്നു.
നിലവില്‍ 21.65 രൂപയിലാണ് ഓഹരിയുള്ളത്.