മുംബൈ: ചെറുകിട സംരംഭകർക്ക് വലിയ ആശ്വാസവുമായി റിസർവ് ബാങ്ക്. സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭക (എംഎസ്എംഇ) വായ്പകൾ കാലാവധിക്ക് മുമ്പേ അടച്ചുതീർത്താലും ഇനി പിഴ (foreclosure charge/pre-penalty) ഈടാക്കരുതെന്ന് ബാങ്കുകളോടും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളോടും (എൻബിഎഫ്സി) റിസർവ് ബാങ്ക് നിർദേശിച്ചു. പൊതുജനാഭിപ്രായം തേടിയ ശേഷം ഇതു സംബന്ധിച്ച കരട് നിർദേശങ്ങൾ റിസർവ് ബാങ്ക് പുറത്തിറക്കും. തുടർന്നായിരിക്കും നിർദേശം നടപ്പാക്കുക.
നിലവിൽ ഫ്ലോട്ടിങ് പലിശനിരക്കുള്ള ബിസിനസ്-ഇതര വായ്പകളെടുത്ത വ്യക്തികൾക്ക് ഈ ഇളവ് അനുവദിച്ചിട്ടുണ്ട്. ഈ ആനുകൂല്യമാണ് എംഎസ്എംഇകൾക്കും ബാധകമാക്കാൻ ശ്രമിക്കുന്നതെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. ഇന്ന് പണനയം പ്രഖ്യാപിച്ച റിസർവ് ബാങ്ക്, തുടർച്ചായായ 10-ാം തവണയും അടിസ്ഥാന പലിശനിരക്കുകൾ നിലനിർത്തി. ബാങ്ക് വായ്പകളുടെയും സ്ഥിരനിക്ഷേപങ്ങളുടെയും പലിശനിരക്കിൽ തൽകാലം മാറ്റമുണ്ടാകില്ല.