ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ), ഫെബ്രുവരി എട്ടിന് പോളിസി നിരക്ക് 25 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ചു. നിലവില്‍ 6.5 ശതമാനമാണ് നിരക്ക്. പ്രതീക്ഷിച്ച തോതിലാണെങ്കിലും വീട് വാങ്ങാനാഗ്രഹിക്കുന്ന സാധാരണക്കാരെ സംബന്ധിച്ച് തിരിച്ചടിയാണ് വര്‍ധന.
ഭവനവായ്പയുടെ പലിശനിരക്ക് വര്‍ധിക്കുന്നതോടെ ഭവനനിര്‍മ്മാണവും വാങ്ങലും കുറയുമെന്ന് മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. കഴിഞ്ഞ വര്‍ഷം മെയ് മുതല്‍ ഇത് ആറാം തവണയാണ് ആര്‍ബിഐ പലിശ നിരക്ക് വര്‍ധിപ്പിക്കുന്നത്. മൊത്തം വര്‍ദ്ധനവ് 250 ബേസിസ് പോയിന്റ്.
” താങ്ങാനാവുന്നതും താഴ്ന്നതുമായ മിഡ്-റേഞ്ച് ഹൗസിംഗ് സെഗ്മെന്റുകളാണ് കൂടുതല്‍ സമ്മര്‍ദ്ദം നേരിടുക. ചെലവ് ചെയ്യാന്‍ മടിക്കുന്ന സ്ഥിരവരുമാനക്കാരാണ് ഈ മേഖലയിലെ പ്രധാന ഉപഭോക്താക്കള്‍. മേഖല നിലവില്‍ സമ്മര്‍ദ്ദം നേരിടുന്നുണ്ട്. അത് കൂടുതല്‍ രൂക്ഷമാകും,” പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്‍സി, അനറോക്ക് ഗ്രൂപ്പ് ചെയര്‍മാന്‍ അനുജ് പുരി പറഞ്ഞു. ഭവന വായ്പകളുടെ പലിശ നിരക്ക് 9.5 ശതമാനം കടന്നേക്കാമെന്നും അത് താങ്ങാനാവുന്നതും ഇടത്തരവുമായ ഹൗസിംഗ് സെഗ്മെന്റുകളിലെ വില്‍പ്പന കുറയ്ക്കുമെന്നും വിദഗ്ധര്‍ അറിയിക്കുന്നു.
അനറോക്ക് പങ്കിട്ട ഡാറ്റ അനുസരിച്ച്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വാഗ്ദാനം ചെയ്യുന്ന ഏറ്റവും കുറഞ്ഞ നിരക്ക് (പതിവ് ടേം ഹോം ലോണ്‍ നിരക്കുകള്‍) 8.9 ശതമാനവും പരമാവധി 9.40 ശതമാനവുമാണ്. എച്ച്ഡിഎഫ്‌സി സാധാരണ ഭവനവായ്പ നിരക്കുകള്‍ 8.95 ശതമാനത്തിലും (കുറഞ്ഞത്) 9.85 ശതമാനത്തിലും (പരമാവധി) വാഗ്ദാനം ചെയ്യുന്നു. ഐസിഐസിഐ ബാങ്ക് സ്റ്റാന്‍ഡേര്‍ഡ് ഹോം ലോണ്‍ നിരക്കുകള്‍ 9 ശതമാനവും (കുറഞ്ഞത്) 9.80 ശതമാനവുമാണ്.
അനറോക്കിലെ സീനിയര്‍ ഡയറക്ടറും ഗവേഷണ മേധാവിയുമായ പ്രശാന്ത് താക്കൂര്‍ പറയുന്നതനുസരിച്ച്, മിക്ക ബാങ്കുകളും കുറഞ്ഞ സിബില്‍ (ക്രെഡിറ്റ്-യോഗ്യത) സ്‌കോറുകളോ കുറഞ്ഞ തുകയോ ഉള്ള ആളുകള്‍ക്ക് താരതമ്യേന ഉയര്‍ന്ന പലിശ നിരക്കില്‍ ഭവനവായ്പ വാഗ്ദാനം ചെയ്യുന്നു. താങ്ങാനാവുന്നതും മിഡ്-സെഗ്മെന്റ് വീടുകള്‍ തേടുന്നതുമായ നിരവധി വായ്പക്കാര്‍ക്ക് കുറഞ്ഞ സിബില്‍ സ്‌കോറുകള്‍ മാത്രമാണുള്ളത്. അതിനാല്‍ ഇവര്‍ക്ക് കൂടിയ നിരക്കിലായിരിക്കും ഭവന വായ്പകള്‍ ലഭ്യമാകുക. മാത്രമല്ല, കുറഞ്ഞ തുകയാണ് ഈ കൂട്ടര്‍ വായ്പയെടുക്കുക. അതുകൊണ്ടുതന്നെ നിലവിലുള്ള 9.5 ശതമാനത്തേക്കാള്‍ പലിശ ഈ വിഭാഗം നല്‍കേണ്ടി വരും.
വര്‍ധനവ് ഇങ്ങിനെ
സാധാരണഗതിയില്‍, പലിശ നിരക്ക് ഉയരുമ്പോള്‍, ബാങ്കുകള്‍ ആദ്യം വായ്പാ കാലാവധി നീട്ടുകയും പ്രതിമാസ തവണകള്‍ (ഇഎംഐ) തുല്യമാക്കാതിരിക്കുകയും ചെയ്യുന്നു.
ഇതോടെ 15-30 വര്‍ഷത്തെ ദീര്‍ഘകാല കാലയളവ് ഭവനവായ്പ വാങ്ങുന്നവര്‍ക്ക് പലിശ ഗണ്യമായി വര്‍ദ്ധിക്കും. ഉദാഹരണത്തിന്, 7.4 ശതമാനം പലിശ നിരക്കും 30 ലക്ഷം രൂപ കുടിശ്ശികയും 20 വര്‍ഷത്തെ കാലാവധിയുമുള്ള ഒരു ഭവന വായ്പ, 24 വര്‍ഷത്തിലധികമായി നീളും, വിദഗ്ധര്‍ പറയുന്നു. അതോടെ വായ്പവാങ്ങിയ ആളുടെ മേലുള്ള ബാധ്യതയും വര്‍ധിക്കും.
ഫ്‌ളോട്ടിംഗ് റേറ്റായതിനാല്‍, ദൈര്‍ഘ്യമേറിയ വായ്പകള്‍ക്ക് ഉയര്‍ന്ന പലിശ നല്‍കേണ്ടി വരും.മാത്രമല്ല, തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ കൂടുതല്‍ നിരക്ക് വര്‍ദ്ധന സംഭവിക്കുന്ന മുറയ്ക്ക് ബാധ്യതകളും വര്‍ധിക്കും.
എങ്ങനെ പ്രതിരോധിക്കാം?
വര്‍ദ്ധിക്കുന്ന പലിശ നിരക്ക് പരിതസ്ഥിതിയില്‍, ഭവന വായ്പ തിരിച്ചടവ് തന്ത്രത്തെക്കുറിച്ച് പുനര്‍വിചിന്തനം ചെയ്യേണ്ടത് അനിവാര്യമാണെന്ന് വിദഗ്ധര്‍ പറയുന്നു. ഭവനവായ്പകള്‍ പോലുള്ള ദീര്‍ഘകാല വായ്പകള്‍ പ്രീപേയ്‌മെന്റുകള്‍ നടത്താന്‍ അനുവദിക്കുന്നുണ്ട്. വര്‍ദ്ധിച്ചുവരുന്ന പലിശ ചെലവ് ലാഭിക്കാന്‍ പ്രീപേയ്‌മെന്റുകള്‍ നടത്തുന്നതായിരിക്കും അഭികാമ്യം.
ഇതിനായി നിക്ഷേപങ്ങളും മറ്റ് സ്രോതസ്സുകളും ഉപയോഗപ്പെടുത്തണമെന്നും വിദഗ്ധര്‍ ഉപദേശിച്ചു. ഒറ്റ തീര്‍ക്കല്‍ ബുദ്ധിമുട്ടാണെങ്കില്‍ ഇഎംഐ(മാസയടവ്) 5-10 ശതമാനം വര്‍ദ്ധിപ്പിക്കുകയോ അല്ലെങ്കില്‍ ഓരോ വര്‍ഷവും ഒരു അധിക ഇഎംഐ അടയ്ക്കുകയോ ചെയ്യുന്നത് ഗുണം ചെയ്യും. ഇതിലൂടെ നിരക്ക് വര്‍ദ്ധനയുടെ ആഘാതം കുറയ്ക്കാമെന്നും അവര്‍ പറഞ്ഞു.
‘ ലോണ്‍ റീഫിനാന്‍സ് ചെയ്യുന്നതും പരിഗണിക്കാം,’ ആദില്‍ ഷെട്ടി, ബാങ്ക് ബസാര്‍ ഡോട്ട് കോം സിഇഒ പറഞ്ഞു. ഉദാഹരണത്തിന്, ഇപ്പോള്‍ റിപ്പോ നിരക്ക് 5.40 ശതമാനമായതിനാല്‍, നിങ്ങള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന ഭവനവായ്പയുടെ ഏറ്റവും കുറഞ്ഞ നിരക്ക് 7.90 മുതല്‍ 8.15 ശതമാനം വരെയാണ്. നല്ല ക്രെഡിറ്റ് സ്‌കോര്‍ ഉണ്ടായിട്ടും നിങ്ങള്‍ കൂടുതല്‍ പണമടയ്ക്കുന്നുണ്ടെങ്കില്‍, നിങ്ങളുടെ വായ്പക്കാരനോട് അതിനെക്കുറിച്ച് സംസാരിക്കുകയും കുറഞ്ഞ നിരക്കില്‍ ലോണ്‍ റീഫിനാന്‍സ് ചെയ്യുകയും ചെയ്യാം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.