
ഇന്ത്യക്കാർക്ക് ഏതൊക്കെ ക്രിപ്റ്റോഎക്സ് ചേഞ്ചുകളിൽ എത്രത്തോളം നിക്ഷേപമുണ്ട്, അതിന്റെ മൂല്യമെത്രയാണ്, ആരിലൂടെയാണിത് കൈമാറ്റം ചെയ്യുന്നത് തുടങ്ങിയ വിവരങ്ങൾ ആർക്കും അറിയാനാകാത്ത സ്ഥിതിയാണ്.
കൃത്യമായ വിവരങ്ങൾ ഒരു ഏജൻസിക്കും ലഭ്യമല്ല എന്നതാണ് കാരണം. ക്രിപ്റ്റോകറൻസി പോലുള്ള ഒരു ആസ്തിയിൽ നിയമ നിർമാണം കൊണ്ടുവരാൻ ആർബിഐക്ക് പോലും അതുകൊണ്ടു ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്.
ക്രിപ്റ്റോ കറൻസികളെക്കുറിച്ചുള്ള ഡാറ്റ ലഭ്യമല്ല. ലഭ്യമായ വിവരങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണ്. മതിയായ വിവരങ്ങളുടെ അഭാവത്തിൽ നിയന്ത്രണങ്ങൾ ഉണ്ടാക്കുന്നത് തെറ്റായ തീരുമാനങ്ങള്‍ക്കുള്ള സാധ്യതയുണ്ട്, ആർബിഐ ഡെപ്യൂട്ടി ഗവർണർ ടി ശങ്കർ ഐഎംഎഫ് സംഘടിപ്പിച്ച വെർച്വൽ കോൺഫറൻസിൽ പറഞ്ഞു.
ആവശ്യത്തിന്, വിശ്വസനീയമായ, സ്ഥിരമായ വിവരങ്ങൾ ലഭ്യമായാൽ മാത്രമേ സെൻട്രൽ ബാങ്കുകൾക്ക് പോലും ക്രിപ്റ്റോകറൻസികളെ നിയന്ത്രിക്കാൻ സാധിക്കുകയുള്ളൂ എന്നത് ക്രിപ്റ്റോകളെ ചുറ്റിപ്പറ്റിയുള്ള രഹസ്യാത്മകതക്ക് തെളിവാണ്.
സുതാര്യമായി ഇടപാടു നടത്താമെന്ന ക്രിപ്റ്റോ ലോകത്തിന്റെ വീമ്പു പറച്ചിലിന് റിസർവ് ബാങ്കിന്റെ തുറന്നുപറയലോടെ അടിസ്ഥാനമില്ലെന്ന് വ്യക്തമായി.
ക്രിപ്റ്റോകറൻസികൾ തട്ടിപ്പാണെന്ന റിസർവ് ബാങ്കിന്റെ പല പ്രാവശ്യമുള്ള മുന്നറിയിപ്പിന് ശേഷവും വീണ്ടും അവയിൽ നിക്ഷേപിച്ച് പണം പോയവർ മറ്റ് ആസ്തികളിൽ നിക്ഷേപിക്കുന്നതാണ് നല്ലതെന്ന സന്ദേശം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നുണ്ട്.
എന്നാൽ ഇലോൺ മസ്കിനെപോലുള്ളവർ ബിറ്റ് കോയിൻ വീണ്ടും പ്രതാപത്തിലേക്ക് തിരിച്ചുവരുമെന്ന ചിന്തയും പങ്കുവെക്കുന്നുണ്ട്.