ന്യൂഡൽഹി: തിരിച്ചറിയൽ രേഖയിലെ വിവരങ്ങളിൽ മാറ്റമില്ലെങ്കിൽ ബാങ്കുകളിലെ കെവൈസി (നോ യുവർ കസ്റ്റമർ) പുതുക്കൽ നടപടിക്രമം പൂർത്തിയാക്കാൻ ഓൺലൈനായുള്ള സ്വയം സാക്ഷ്യപ്പെടുത്തൽ മതിയാകുമെന്നു റിസർവ് ബാങ്ക് വ്യക്തമാക്കി.
കെവൈസി പുതുക്കലിന് ആളുകൾ ശാഖയിൽ നേരിട്ടെത്തണമെന്ന ബാങ്കുകളുടെ നിബന്ധനയെച്ചൊല്ലി പരാതി ഉയർന്നിരുന്നു. ഡിജിറ്റലായി രേഖകൾ നൽകിയിട്ടും ബാങ്കുകൾ പരിഗണിക്കാത്ത അവസ്ഥയുമുണ്ടായിരുന്നു. തുടർന്നാണ് ആർബിഐ വ്യക്തത വരുത്തിയത്.
സ്വയം സാക്ഷ്യപ്പെടുത്തൽ ഇമെയിൽ, മൊബൈൽ ഫോൺ, എടിഎം, ഓൺലൈൻ ബാങ്കിങ്, കത്ത് എന്നിവയിൽ ഏതെങ്കിലും ഒന്നുവഴി കെവൈസി പുതുക്കാം. വിലാസത്തിൽ മാത്രമാണ് മാറ്റമുള്ളതെങ്കിൽ ഇക്കാര്യവും ഓൺലൈനായി ബാങ്കിനെ അറിയിക്കാം.
2 മാസത്തിനുള്ളിൽ ബാങ്ക് വെരിഫിക്കേഷൻ നടത്തും. ആദ്യമായി കെവൈസി നടപടിക്രമം നടത്തുന്നവരും ബാങ്ക് ശാഖയിൽ പോകണമെന്നു നിർബന്ധമില്ല. ഇതിന് വിഡിയോ അധിഷ്ഠിത കസ്റ്റമർ ഐഡന്റിഫിക്കേഷൻ സൗകര്യം ഉപയോഗിക്കാം.