ന്യൂഡല്‍ഹി: ബാങ്ക്, ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ മേല്‍നോട്ടം ശക്തിപ്പെടുത്തുന്നതിനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ‘സെന്റിമെന്റ് ഇന്‍ഡക്‌സ്’ വികസിപ്പിക്കുന്നു.സംഘടനാ സംസ്‌കാരം, ഭരണ നിലവാരം, മാനേജ്‌മെന്റ് പെരുമാറ്റം തുടങ്ങി സാമ്പത്തിക കാര്യങ്ങള്‍ക്കപ്പുറമുള്ള വശങ്ങള്‍ വിലയിരുത്തുകയാണ് ലക്ഷ്യം. നിയന്ത്രിത സ്ഥാപനങ്ങളുടെ ഇത്തരം ഡാറ്റകളിലേയ്ക്ക് ആര്‍ബിഐയ്ക്ക് പ്രവേശനമുണ്ട്.
പൊതു ഫയലിംഗുകള്‍, മീഡിയ റിപ്പോര്‍ട്ടുകള്‍, പ്രത്യേകിച്ച് സോഷ്യല്‍ മീഡിയ എന്നിവയില്‍ നിന്നുള്ള ഡാറ്റയും ഉപയോഗപ്പെടുത്തും. ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പ്, മക്കിന്‍സി, പിഡബ്ല്യുസി, കെപിഎംജി, ഇവൈ എന്നീ സ്ഥാപനങ്ങളെയാണ് സൂചിക രൂപപ്പെടുത്തുന്നതിനായി നിയമിച്ചിട്ടുള്ളത്. ഈ കണ്‍സള്‍ട്ടന്റുമാര്‍ ട്വിറ്റര്‍ ഹാന്‍ഡിലുകള്‍, വാര്‍ത്താ റിപ്പോര്‍ട്ടുകള്‍, സോഷ്യല്‍ മീഡിയ, പ്രാദേശിക തലത്തിലുള്ള വാര്‍ത്താ റിപ്പോര്‍ട്ടുകള്‍, മറ്റ് ഉറവിടങ്ങള്‍ എന്നിവ സമാഹരിച്ചു തുടങ്ങി.
കേവലം സാമ്പത്തിക വിവരങ്ങള്‍ക്കും ബോര്‍ഡ് തലത്തിലുള്ള ഇടപഴകലുകള്‍ക്കും അപ്പുറം സംവിധാനത്തിലെ അപകട സാധ്യതകളെ
ഇന്‍ഡെക്‌സ് പിടിച്ചെടുക്കും. ഇതുവഴി മേല്‍നോട്ടം കാര്യക്ഷമമാക്കാമെന്ന് ആര്‍ബിഐ കരുതുന്നു.