ആർആൻഡ്ഡി പ്രവർത്തനങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവഴിച്ച്‌ കേരളംഇന്ത്യ ആഗോള വികസനത്തിന്റെ കേന്ദ്രമാകുമെന്ന് പ്രധാനമന്ത്രിജിഎസ്ടി കൗൺസിൽ യോഗം: വിലകുറഞ്ഞതും ചെലവേറിയതും എന്തെല്ലാം?പ്രധാനമന്ത്രി ഉച്ഛതാർ ശിക്ഷാ അഭിയാൻ പദ്ധതിയിൽ കേരളത്തിന് 405 കോടി രൂപയുടെ സഹായധനംഅംഗീകാരമില്ലാത്ത വായ്പ വിലക്കി കേന്ദ്രനിയമം വരുന്നു

ഗോൾഡ് ബോണ്ട് മൂന്നാം സീരീസ്: നിക്ഷേപകർ ശ്രദ്ധിക്കേണ്ട 6 ഘടകങ്ങൾ

ഭൗതിക സ്വർണത്തിന്റെ രാജ്യത്തേക്കുള്ള ഇറക്കുമതി പരിമിതപ്പെടുത്താനും വിദേശനാണ്യം ലാഭിക്കുന്നതിനും വിഭവങ്ങളു‌ടെ ഫലപ്രദമായ വിനിയോഗത്തിനുമായി റിസർവ് ബാങ്ക് ആവിഷ്കരിച്ച സ്വർണ നിക്ഷേപ പദ്ധതിയാണ് സോവറിൻ ഗോൾഡ് ബോണ്ട് (SGB).

കേന്ദ്രസർക്കാരിന്റെ പിന്തുണ ഉള്ളതിനാൽ നിക്ഷേപിച്ച തുക കാലാവധിക്കുശേഷം മടക്കി ലഭിക്കുമെന്നതിന് ഉറപ്പാണ്. അതിനാൽ മറ്റ് റിസ്ക് ഘ‌ടകങ്ങളുമില്ല.

2023-24 സാമ്പത്തിക വർഷത്തേക്കുള്ള സോവറിൻ ഗോൾഡ് ബോണ്ടിന്റെ മൂന്നാം സീരീസിന് തിങ്കളാഴ്ച തുടക്കമാകുന്നു. ഈയൊരു പശ്ചാത്തലത്തിൽ നിക്ഷേപകർ ശ്രദ്ധിക്കേണ്ട ആറ് ഘടകങ്ങൾ നോക്കാം.

ഒരു യൂണിറ്റ് വില?
2023-24 സാമ്പത്തിക വർഷത്തേക്ക് അനുവദിച്ചിട്ടുള്ള സോവറിൻ ഗോൾഡ് ബോണ്ടിൻ്റെ മൂന്നാം പതിപ്പിൻ്റെ വിലനിലവാരം റിസർവ് ബാങ്ക് പ്രഖ്യാപിച്ചു. 24 കാരറ്റ് പരിശുദ്ധിയുള്ള ഒരു ഗ്രാം സ്വർണത്തിന് തുല്യമായ ഗോൾഡ് ബോണ്ടിൻ്റെ ഒരു യൂണിറ്റിന് 6,199 രൂപയാണ് ഇത്തവണത്തേക്ക് നിശ്ചയിച്ചിട്ടുള്ളത്.

അതേസമയം ഗോൾഡ് ബോണ്ടിനായി അപേക്ഷിക്കുന്നത് ഓൺലൈൻ മുഖേനയും അതിനുള്ള പണം അടയ്ക്കുന്നത് ഡിജിറ്റൽ ഇടപാടിലൂടെയും ആണെങ്കിൽ, ഒരു ഗ്രാം ഗോൾഡ് ബോണ്ടിൽ 50 രൂപ വീതം ഇളവ് അനുവദിക്കും. അതായത്, ഓൺലൈൻ വഴി വാങ്ങുന്നവർക്ക്, ഒരു യൂണിറ്റ് ഗോൾഡ് ബോണ്ടിന് 6,149 രൂപ നൽകിയാൽ മതിയെന്ന് സാരം.

എപ്പോൾ അപേക്ഷിക്കാം?
നടപ്പ് സാമ്പത്തിക വർഷത്തെ സോവറിൻ ഗോൾഡ് ബോണ്ടിൻ്റെ മൂന്നാം സീരീസ് ഇഷ്യൂ ഡിസംബർ 18ന് ആരംഭിക്കും. ഡിസംബർ 22ന് അപേക്ഷിക്കാനുള്ള സമയപരിധി അവസാനിക്കും. അഞ്ച് ദിവസമാണ് അവസരം ലഭ്യമാകുന്നത്.

കേന്ദ്രസർക്കാരിൻ്റെ പൂർണ ഗ്യാരണ്ടിയോടെ റിസർവ് ബാങ്ക് പുറത്തിറക്കുന്ന സോവറിൻ ഗോൾഡ് ബോണ്ടിൻ്റെ, 2023-24 സാമ്പത്തിക വർഷത്തെ ആദ്യ രണ്ട് സീരീസുകൾ, ജൂൺ 19 – 23 വരെയും സെപ്റ്റംബർ 11 – 15 വരെയുള്ള കാലയളവിലുമായി പൂർത്തിയായിരുന്നു.

ഈ സാമ്പത്തിക വർഷത്തിൽ അവശേഷിക്കുന്ന ഗോൾഡ് ബോണ്ടിൻ്റെ നാലാം സീരീസ് 2024 ഫെബ്രുവരി 12 മുതൽ 16 വരെ അരങ്ങേറും.

എവിടെനിന്നു വാങ്ങാം?
ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകൾ, സ്റ്റോക്ക് ഹോൾഡിങ് കോർപറേഷൻ ഓഫ് ഇന്ത്യ, ക്ലിയറിങ് കോർപറേഷൻ ഓഫ് ഇന്ത്യ, തെരഞ്ഞെടുത്ത പോസ്റ്റ് ഓഫീസുകൾ, നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻഎസ്ഇ), ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (ബിഎസ്ഇ) എന്നിവടങ്ങളിൽ നിന്നും ഗോൾഡ് ബോണ്ട് വാങ്ങാം.

ആർക്കൊക്കെ വാങ്ങാം?
1999ലെ ഫെമ നിയമത്തിലെ നിർവചന പ്രകാരം ഇന്ത്യയിൽ താമസമുള്ള ഏത് വ്യക്തികളും ഹിന്ദു അവിഭക്ത കുടുംബങ്ങൾ (HUF), ട്രസ്റ്റുകൾ, യൂണിവേഴ്സിറ്റികൾ, ചാരിറ്റി സ്ഥാപനങ്ങൾ എന്നിവർക്ക് സോവറിൻ ഗോൾഡ് ബോണ്ട് വാങ്ങാം.

അതേസമയം വാങ്ങിയശേഷം പ്രവാസിയായി (എൻആർഐ) മാറിയവർക്ക്, ഗോൾഡ് ബോണ്ടിൻ്റെ കാലാവധി (മെച്യൂരിറ്റി) പൂർത്തിയാകുന്നത് വരെ കൈവശം വെക്കാനാകും.

എത്ര അളവ് വാങ്ങാം?
ചുരുങ്ങിയത് ഒരു ഗ്രാം ഗോൾഡ് ബോണ്ട് യൂണിറ്റാണ് വാങ്ങേണ്ടത്. അതേസമയം ഒരു സാമ്പത്തിക വർഷത്തിൽ (ഏപ്രിൽ – മാർച്ച്) വ്യക്തികൾക്ക് പരമാവധി നാല് കിലോഗ്രാമിന് തുല്യമായ ഗോൾഡ് ബോണ്ട് വാങ്ങാം.

സമാനമായി ഹിന്ദു അവിഭക്ത കുടുംബത്തിനും പരമാവധി നാല് കിലോഗ്രാമാണ് വാങ്ങാൻ കഴിയുക. എന്നാൽ ട്രസ്റ്റുകൾ, സമാന രീതിയിൽ സർക്കാർ വിഞ്ജാപനം ചെയ്തിട്ടുള്ള സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഒരു സാമ്പത്തിക വർഷ കാലയളവിൽ പരമാവധി 20 കിലോഗ്രാമിന് തുല്യമായ ഗോൾഡ് ബോണ്ട് വാങ്ങാം.

എത്ര ആദായം?
ഭൗതിക സ്വർണത്തിൻ്റെ എല്ലാവിധ അവകാശങ്ങളും പേറുന്ന സോവറിൻ ഗോൾഡ് ബോണ്ടിൽ, വാർഷികമായി 2.5 ശതമാനം വീതം പലിശ ലഭിക്കുന്നു എന്നതാണ് ഏറ്റവും വലിയ സവിശേഷത.

എട്ട് വർഷമാണ് ബോണ്ടിൻ്റെ കാലാവധി. അന്ന് 24 കാരറ്റ് ഭൗതിക സ്വർണത്തിന് എന്ത് വിപണി വിലയാണോ ഉള്ളത്, അതേ വിലനിലവാരം തന്നെയാകും ഗോൾഡ് ബോണ്ടിൻ്റെ മൂല്യവും.

2015ൽ ആർബിഐ ആദ്യമായി ഇഷ്യൂ ചെയ്ത സോവറിൻ ഗോൾഡ് ബോണ്ട് ഇക്കഴിഞ്ഞ നവംബർ 30ന് കാലാവധി പൂർത്തിയായിരുന്നു. നിക്ഷേപകർക്ക് 128 ശതമാനം മൂലധന നേട്ടമാണ് ലഭിച്ചത്.

എട്ട് വർഷത്തെ പലിശയും കൂടി കണക്കിലെടുക്കുമ്പോൾ ആദ്യ സോവറിൻ ഗോൾഡ് ബോണ്ടിൽ നിന്നും ലഭിച്ച മൊത്തം ആദായം 150 ശതമാനമായി ഉയരും.

X
Top