കൊച്ചി: ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റ ഭീഷണി ശക്തമായതിനാൽ കേന്ദ്ര സർക്കാരും റിസർവ് ബാങ്കും വിപണി ഇടപെടലുകൾ ശക്തമാക്കുന്നു. രാജ്യത്തെ പ്രധാന കാർഷിക മേഖലകളിൽ മഴ ലഭ്യത ഗണ്യമായി കുറഞ്ഞതും ചില സ്ഥലങ്ങളിലുണ്ടായ അമിത കാലവർഷവും നടപ്പു സീസണിൽ വിവിധ കാർഷിക ഉത്പന്നങ്ങളുടെ ഉത്പാദനത്തിൽ കനത്ത ഇടിവാണുണ്ടാക്കിയത്.
അരി, ഗോതമ്പ്, പഞ്ചസാര, ഉള്ളി തുടങ്ങിയവയുടെയെല്ലാം വിളവെടുപ്പിനെ കാലാവസ്ഥയിലെ മാറ്റം പ്രതികൂലമായി ബാധിച്ചു. സീസൺ ആരംഭിച്ചിട്ടും ഇവയുടെ വില ഉയർന്ന തലത്തിൽ തുടരുന്നതാണ് സർക്കാരിനെയും റിസർവ് ബാങ്കിനെയും മുൾമുനയിലാക്കുന്നത്.
ആഭ്യന്തര വില കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ അരി, ഗോതമ്പ്, ഉള്ളി, പഞ്ചസാര തുടങ്ങിയവയുടെ കയറ്റുമതിയിൽ ഭാഗികമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഉള്ളിയുടെ കയറ്റുമതി അടുത്ത ഒരു വർഷത്തേക്കാണ് സർക്കാർ നിരോധിച്ചത്.
പഞ്ചസാര ഉത്പാദനം ഗണ്യമായി കുറയുന്നതിനാൽ കരിമ്പ് ജ്യൂസ്, സിറപ്പ് എന്നിവയിൽ നിന്നും ഇന്ധന ആവശ്യത്തിനുള്ള എത്തനോൾ നിർമ്മിക്കുന്നതിനും കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തി.
അടുത്ത വർഷം പൊതു തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ വിലക്കയറ്റം രൂക്ഷമാക്കുന്ന നടപടികൾ ഒഴിവാക്കണമെന്ന നിർദേശമാണ് വിവിധ മന്ത്രാലയങ്ങൾക്ക് നൽകിയിട്ടുള്ളത്. കയറ്റുമതി നിരോധനത്തിലൂടെ അവശ്യസാധനങ്ങളുടെ ലഭ്യത വിപണിയിൽ ഉറപ്പുവരുത്തി വിലക്കയറ്റം നിയന്ത്രിക്കാൻ സാധിക്കുമെന്നും വിലയിരുത്തുന്നു.
മൊത്ത വിലയും ഉപഭോക്തൃ വിലയും അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം സെപ്തംബറിലും ഒക്ടോബറിലും റിസർവ് ബാങ്കിന്റെ ലക്ഷ്യമായ നാല് ശതമാനത്തിന് അടുത്താണ്. എന്നാൽ നവംബറിൽ ഭക്ഷ്യ വിലക്കയറ്റം വീണ്ടും രൂക്ഷമായെന്നാണ് റിസർവ് ബാങ്ക് വിലയിരുത്തൽ.
അതിനാലാണ് കഴിഞ്ഞ ദിവസം നടന്ന ധന അവലോകന നയത്തിൽ പലിശ നിരക്കിൽ മാറ്റം വരുത്താൻ റിസർവ് ബാങ്ക് തയ്യാറായിരുന്നില്ല.
കർഷകർ പ്രതിഷേധത്തിൽ
ഉള്ളിയുടെ കയറ്റുമതി നിരോധനത്തിനും എത്തനോൾ നിർമ്മാണ നിരോധനത്തിനും എതിരെ മഹാരാഷ്ട്രയിലെയും കർണാടകയിലെയും കർഷകർ പ്രതിഷേധം ശക്തമാക്കുന്നു. കേന്ദ്ര സർക്കാരിന്റെ നടപടി കർഷകരുടെ വരുമാനത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.
വിളകൾക്ക് ന്യായമായ വില ലഭിക്കുന്നതിന് ഇപ്പോഴത്തെ നയങ്ങൾ തടസമാകുമെന്ന് കർഷക സംഘടനകൾ പറയുന്നു.