
ന്യൂഡല്‍ഹി: നോണ്‍-ബാങ്കിംഗ് ഫിനാന്‍സ് കമ്പനികളുടെ (എന്‍ബിഎഫ്സി) ഓഡിറ്റിംഗിനായി ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) ബാഹ്യ ഓഡിറ്റര്‍മാരെ നിയോഗിച്ചേക്കും. 9,500ഓളം എന്‍ബിഎഫ്‌സികളാണ് ഓഡിറ്റ് ചെയ്യപ്പടേണ്ടത്. എന്നാല്‍ സൂപ്പര്‍വൈസറി ജീവനക്കാരുടെ എണ്ണം 1500 മാത്രമാണ്.
ഇതാണ് ബാഹ്യ ഓഡിറ്റര്‍മാരുടെ സേവനം തേടാന്‍ ആര്‍ബിഐയെ പ്രേരിപ്പിക്കുന്നത്. നിലവിലുള്ള ജീവനക്കാര്‍ക്ക് ഓഫ്‌സെറ്റ് റിട്ടേണുകള്‍ പരിശോധിക്കാന്‍ മാത്രമേ കഴിയൂവെന്നും ചെറുകിട, ഇടത്തരം എന്‍ബിഎഫ്‌സികളെ ആഴത്തില്‍ വിലയിരുത്തുന്നതിന് ബാഹ്യ ഓഡിറ്റര്‍മാരുടെ സേവനം ആവശ്യമാണ് എന്നും അധികൃതര്‍ പറഞ്ഞു.
രജിസ്‌ട്രേഷന്‍ അപേക്ഷയില്‍ കാണിച്ച സ്ഥലം ആസ്ഥാനമാക്കിയാണോ പ്രവര്‍ത്തനം, പ്രവര്‍ത്തന രീതി തുടങ്ങിയവയാണ് ബാഹ്യ ഓഡിറ്റര്‍മാര്‍ പരിശോധിക്കുക.
അന്യായ മാര്‍ഗ്ഗങ്ങളിലൂടെ വായ്പ തിരിച്ചുപിടുത്തം, ഡിജിറ്റല്‍ വായ്പാ ദാതാക്കളുടെ നിയമലംഘനങ്ങള്‍, എന്‍ബിഎഫ്‌സികളുടെ പരാജയങ്ങള്‍ എന്നിവയാണ് ഓഡിറ്റിംഗ് നടത്താന്‍ ആര്‍ബിഐയെ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍. സാമ്പത്തിക വര്‍ഷം 2015 നും 2022 നും ഇടയില്‍ 3,110 എന്‍ബിഎഫ്‌സി രജിസ്‌ട്രേഷന്‍ (CoR) കേന്ദ്രബാങ്ക് റദ്ദാക്കിയിട്ടുണ്ട്.
ഏറ്റവും കൂടുതല്‍ റദ്ദാക്കലുകള്‍ (1,851) 2019 ലാണ്. 2022 ഒക്ടോബര്‍ 1 വരെ, 5,451 എന്‍ബിഎഫ്‌സികകളുടെ സിഒആറുകള്‍ റദ്ദാക്കി. 2024 സാമ്പത്തികവര്‍ഷത്തെ ഓഡിറ്റിംഗ് കൂടുതല്‍ നടപടികളിലേയ്ക്ക് ആര്‍ബിഐയെ നയിച്ചേക്കാം.