ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ 20 മുന്‍നിര കമ്പനികളെ ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) നിരീക്ഷണവലയത്തിലാക്കി. രാജ്യത്തെ ബാങ്കുകള്‍ നിന്നും വലിയ തോതില്‍ വായ്പകള്‍ നേടിയ സ്ഥാപനങ്ങളാണ് ഇവ. അതുകൊണ്ടുതന്നെ ലാഭക്ഷമതയ്ക്ക് പുറമെ, ബോണ്ടുകള്‍ വഴി സമാഹരിച്ച തുകയും വിലയിരുത്തലിന് വിധേയമാകും.
ബിസിനസ് മോഡലുകള്‍, ലോണ്‍ പോര്‍ട്ട്‌ഫോളിയോ, വിവിധ പ്രകടന പാരാമീറ്ററുകള്‍ എന്നിവ അറിയാനായി ഡാറ്റ പരിശോധനയില്‍ മുഴുകുകയാണ് ഉദ്യോഗസ്ഥര്‍, എക്കണമോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സെന്‍ട്രല്‍ റിപ്പോസിറ്ററി ഓഫ് ഇന്‍ഫര്‍മേഷനൊ (CRILC) പ്പമാണ് റെഗുലേറ്ററുടെ പരിശോധന.
ബാങ്കുകളിലെ പരിശോധന സംബന്ധിച്ച് ആര്‍ബിഐ പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. തട്ടിപ്പ്, സ്റ്റോക്ക് വില കൃത്രിമം, ഓഫ്-ഷോര്‍ ടാക്‌സ് ഹെവന്‍സിന്റെ നിയമവിരുദ്ധമായ ഉപയോഗം തുടങ്ങി ആരോപണങ്ങള്‍ അദാനി ഗ്രൂപ്പിനെതിരെ ഹിന്‍ഡന്‍ബര്‍ഗ് ഉയര്‍ത്തിയിരുന്നു. തുടര്‍ന്ന് ബാങ്കിംഗ് മേഖലയുടെ നിലനില്‍പിനെക്കുറിച്ച് ആശങ്കയുണര്‍ന്നു.
എന്നാല്‍ അദാനി ഗ്രൂപ്പില്‍ ബാങ്കുകളുടെ എക്‌സ്‌പോഷ്വര്‍ നാമമാത്രമാണെന്നും ഭയത്തിന്റെ ആവശ്യമില്ലെന്നും ആര്‍ബിഐ വ്യക്തമാക്കുന്നു. മാത്രമല്ല, ബാങ്ക് തട്ടിപ്പുകള്‍ തുടര്‍ക്കഥയായതിനെ തുടര്‍ന്ന് കേന്ദ്രബാങ്ക് ഒരു പരിശോധന, നിയന്ത്രണ സംവിധാനം 2019 ല്‍ രൂപീകരിച്ചിട്ടുണ്ട്. ഇതിന് കീഴില്‍ ബാങ്കുകളും എന്‍ബിഎഫ്‌സികളും നിരന്തരം നിരീക്ഷണത്തിന് വിധേയമാണ്.