ന്യൂഡല്‍ഹി: കാലാവസ്ഥ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ബാങ്കുകള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നു. വായ്പ റിസ്‌ക്കുകള്‍ തിരിച്ചറിയുന്നതിന് ബാങ്കുകളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ രാജേശ്വര്‍ റാവു അറിയിച്ചതാണിത്.
കാലവസ്ഥ വ്യതിയാനത്തെക്കുറിച്ചുള്ള പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര നാണയ നിധിയും സെന്റര്‍ ഫോര്‍ സോഷ്യല്‍ ആന്‍ഡ് ഇക്കണോമിക് ഫോറവും ചേര്‍ന്നാണ് ചര്‍ച്ച സംഘടിപ്പിച്ചത്.ദുര്‍ബലതകള്‍ തിരിച്ചറിയുന്നതിന് സുതാര്യവും സ്ഥിരവുമായ വെളിപെടുത്തലുകള്‍ ആവശ്യമാണെന്ന് റാവു പറഞ്ഞു.
ഇത് റിസ്‌ക്ക് മാനേജ്‌മെന്റിന് ഉപകരിക്കും. മാത്രമല്ല, കാലാവസ്ഥാ പ്രശ്‌നങ്ങളും അനുബന്ധ സാമ്പത്തിക അപകടസാധ്യതകളും പരിഹരിക്കാന്‍ വലിയ തോതിലുള്ള വികസന പദ്ധതി ആവശ്യമാണ്. ഫലപ്രദമായ പരിവര്‍ത്തന പദ്ധതികള്‍ ആവിഷ്‌ക്കരിക്കാന്‍ ഇത് കമ്പനികളെ സഹായിക്കും.
കാട്ടുതീ, കൊടുങ്കാറ്റ്, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതിക്ഷോഭങ്ങളും
എമിഷന്‍ തീവ്രത കുറയ്ക്കുമ്പോഴുള്ള പരിവര്‍ത്തന നഷ്ട സാധ്യതകളുമാണ് കാലാവസ്ഥ വ്യതിയാനത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങള്‍. ശരിയായി കൈകാര്യം ചെയ്തില്ലെങ്കില്‍, പരിവര്‍ത്തന നഷ്ടടസാധ്യതകള്‍ ഗുരുതരമാകും.
ഈ സാഹചര്യത്തിലാണ് ബാങ്കുകള്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ കേന്ദ്രബാങ്ക് തയ്യാറാകുന്നത്.