ന്യൂഡല്‍ഹി: സോവറിന്‍ ഗോള്‍ഡ് ബോണ്ടുകളുടെ രണ്ട് ഭാഗങ്ങള്‍ ഡിസംബര്‍, മാര്‍ച്ച് മാര്‍ച്ച് മാസങ്ങളിലായി പുറത്തിറക്കും. സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ (എസ്ജിബി) 2022-23-സീരീസ് III ഡിസംബര്‍ 19-ഡിസംബര്‍ 23 വരെയും 2022-23-സീരീസ് IV 2023 മാര്‍ച്ച് 06-10 വരെയും സബ്സ്‌ക്രിപ്ഷനായി തുറക്കുമെന്ന് ധനമന്ത്രാലയം അറിയിച്ചു. സര്‍ക്കാരിന് വേണ്ടി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ആണ് ബോണ്ടുകള്‍ ഇഷ്യൂ ചെയ്യുന്നത്.
ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകള്‍ (ചെറുകിട ധനകാര്യ ബാങ്കുകള്‍, പേയ്മെന്റ് ബാങ്കുകള്‍, റീജിയണല്‍ റൂറല്‍ ബാങ്കുകള്‍ ഒഴികെ), സ്റ്റോക്ക് ഹോള്‍ഡിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (SHCIL), ക്ലിയറിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (CCIL), നിയുക്ത തപാല്‍ ഓഫീസുകള്‍, സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ എന്നിവ വഴിയായിരിക്കും എസ്ജിബികള്‍ പുറത്തിറക്കുക. കാലാവധി എട്ട് വര്‍ഷം. അഞ്ചാം വര്‍ഷത്തിന് ശേഷം പലിശ അടയ്ക്കേണ്ട തീയതിയില്‍ ഇടക്കാല റിഡംഷന്‍ ഓപ്ഷന്‍ ലഭ്യമാകും.
പ്രതിവര്‍ഷം 2.50 ശതമാനം എന്ന നിശ്ചിത നിരക്കില്‍ അര്‍ദ്ധവാര്‍ഷികമായിട്ടായിരിക്കും നിക്ഷേപകര്‍ക്ക് പണം ലഭ്യമാവുക. സബ്സ്‌ക്രിപ്ഷന്റെ പരമാവധി പരിധി വ്യക്തികള്‍ക്ക് 4 കിലോ ഗ്രാമും ഹിന്ദു അണ്‍ഡിവൈഡഡ് ഫാമിലിയ്ക്ക് 4 കിലോഗ്രാമും ട്രസ്റ്റ്,മറ്റ് സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് 20 കിലോഗ്രാമുമായിരിക്കും.ബോണ്ട് പണയം വച്ച് വായ്പ നേടാവുന്നതാണ്.
സ്വര്‍ണ്ണവായ്പയ്ക്ക് നിശ്ചയിച്ച പരിധി ബോണ്ട് വായ്പയ്ക്കും ബാധകമാകും. സബ്സ്‌ക്രിപ്ഷന് മുമ്പുള്ള അവസാന മൂന്ന് പ്രവൃത്തി ദിവസങ്ങളിലെ 999 സ്വര്‍ണ്ണ വിലയുടെ ശരാശരി തുകയായിരിക്കും ബോണ്ട്‌വില. ഇന്ത്യ ബുള്ളിയന്‍ ആന്‍ഡ് ജ്വല്ലേഴ്സ് അസോസിയേഷന്‍ ലിമിറ്റഡ് (IBJA) പ്രസിദ്ധീകരിച്ചത് അടിസ്ഥാനമാക്കിയാണ് ശരാശരി വില നിശ്ചയിക്കുക.
ഉപഭോക്താവിനെ അറിയുക (കെവൈസി) മാനദണ്ഡങ്ങള്‍ ഭൗതിക സ്വര്‍ണ്ണം വാങ്ങുന്നതിന് തുല്യമായിരിക്കുമെന്നും ധനമന്ത്രാലയം അറിയിക്കുന്നു. ഭൗതിക സ്വര്‍ണ്ണത്തിന്റെ ആവശ്യകത കുറയ്ക്കുക, ആഭ്യന്തര സ്വര്‍ണ്ണ സമ്പാദ്യത്തിന്റെ ഒരു ഭാഗം സാമ്പത്തിക സമ്പാദ്യത്തിലേയ്ക്ക് മാറ്റുക എന്നീ ലക്ഷ്യങ്ങള്‍ വച്ച് 2015 നവംബറിലാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ട് സ്‌ക്കീം ആരംഭിച്ചത്.