
മുംബൈ: ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളില്‍ വിദേശികളായ വ്യക്തികള്‍ക്ക് നിക്ഷേപിക്കാവുന്നതിന്റെ പരിധി ഇരട്ടിപ്പിച്ച് 10 ശതമാനമാക്കാന്‍ റിസര്‍വ് ബാങ്ക്. കൂടുതല്‍ മൂലധനമൊഴുക്ക് സാധ്യമാക്കാനാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍.
പരമാവധി അഞ്ച് ശതമാനം നിക്ഷേപമാണ് നിലവില്‍ അനുവദിക്കുന്നത്. ഇത്തരം കമ്പനികളില്‍ എല്ലാ വിദേശ വ്യക്തികള്‍ക്കുമായി നടത്താവുന്ന നിക്ഷേപത്തിന്റെ പരിധി 10ല്‍ നിന്ന് 24 ശതമാനമാക്കും.
കമ്പനികളുടെ മോശം വരുമാനക്കണക്കുകളും വിപണിയുടെ ഉയര്‍ന്ന വാല്വേഷനും യു.എസ് ചുങ്കഭീതിയുമെല്ലാം വിദേശ നിക്ഷേപക സ്ഥാപനങ്ങളെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് സെപ്റ്റംബര്‍ മുതല്‍ 2800 കോടി ഡോളറോളം (ഏകദേശം 2.40 ലക്ഷം കോടി രൂപ) പിന്‍വലിക്കാന്‍ പ്രേരിപ്പിച്ചിരുന്നു.
ഈ സാഹചര്യത്തില്‍ വിപണിയിലേക്കുള്ള വിദേശ നിക്ഷേപം ഉയര്‍ത്താനാണ് പരിധി ഉയര്‍ത്താന്‍ ഒരുങ്ങുന്നത്. നേരത്തെ വിദേശ ഇന്ത്യക്കാര്‍ക്ക് ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (FEMA) പ്രകാരം നിക്ഷേപിക്കാവുന്ന പരിധിയും അഞ്ചിൽ നിന്ന് 10 ശതമാനം ആകും. അധികം താമസിയാതെ പുതിയ നിര്‍ദേശം നടപ്പാക്കുമെന്നാണ് സൂചന. എന്നാല്‍ ഇതേ കുറിച്ച് ഔദ്യോഗിക അറിയിപ്പുകളുണ്ടായിട്ടില്ല.
സര്‍ക്കാരും റിസര്‍വ് ബാങ്കും ഈ മാറ്റം നടപ്പാക്കുന്നതില്‍ താത്പര്യം കാണിക്കുന്നുണ്ടെങ്കിലും ഓഹരി വിപണിയുടെ നിയന്ത്രണ ഏജന്‍സിയായ സെബി ചില ആശങ്കകള്‍ ഉയര്‍ത്തിയിട്ടുണ്ട്. കമ്പനികള്‍ വിദേശ നിക്ഷേപത്തില്‍ അനുവദനീയമായ പരിധി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താനുള്ള ബുദ്ധിമുട്ടാണ് ആശങ്കയായി പറയുന്നത്.
വ്യക്തികള്‍ക്ക് 10 ശതമാനമാണെങ്കിലും അവരുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന പാര്‍ട്ണര്‍ സ്ഥാപനങ്ങളോ മറ്റോ ഉണ്ടെങ്കില്‍ മൊത്തം നിക്ഷേപം 25 ശതമാനമോ 33 ശതമാനമോ ആകാനിടയുണ്ട്.
ഇത് ഓപ്പണ്‍ ഓഫര്‍ വഴി കൂടുതല്‍ ഓഹരികള്‍ക്കുള്ള അവസരം നല്‍കുന്നതിനാല്‍ ഏറ്റെടുക്കലിലേക്ക് നീങ്ങാനുള്ള സാധ്യതയുണ്ടാകുമെന്നാണ് സെബി പറയുന്നത്. ഈ ആശങ്കകള്‍ ദൂരീകരിച്ച ശേഷമാകും നിര്‍ദേശം നടപ്പിലാക്കുകയെന്നാണ് അറിയുന്നത്.