
ദില്ലി: റംസാൻ പ്രമാണിച്ച് അവധിയാണെങ്കിലും 2025 മാർച്ച് 31 തിങ്കളാഴ്ച, രാജ്യത്തെ ബാങ്കുകൾ തുറന്നു പ്രവർത്തിക്കണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. റിസർവ് ബാങ്കിന്റെ ഏജൻസി ബാങ്കുകളിൽപെട്ട ബാങ്കുകൾക്കാണ് നിർദേശം ബാധകമാവുക.
സാമ്പത്തിക വർഷത്തിന്റെ അവസാന ദിനം, റംസാൻ പ്രമാണിച്ച് അവധിയായ പശ്ചാത്തലത്തിലാണ് പ്രത്യേക നിർദേശം.
പൊതുമേഖലാ ബാങ്കുകളും സ്വകാര്യ ബാങ്കുകളും റംസാൻ പ്രമാണിച്ച് അടച്ചിടേണ്ടതായിരുന്നു. 2024-25 സാമ്പത്തിക വർഷത്തെ സര്‍ക്കാര്‍ ഇടപാടുകളുമായി ബന്ധപ്പെട്ട പണമിടപാടുകൾ പൂര്‍ത്തിയാക്കാനാണ് മാർച്ച് 31 പ്രവൃത്തി ദിനമാക്കിയത്.
ഏപ്രിൽ ഒന്ന് മുതൽ മാർച്ച് 31 വരെയാണ് ഒരു സാമ്പത്തിക വർഷം. അതാത് സാമ്പത്തിക വർഷത്തെ ഇടപാടുകളെ സംബന്ധിച്ചുള്ള എല്ലാ കാര്യങ്ങളും പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്നതിന് മുമ്പ് പൂർത്തിയാക്കണ്ടേതുണ്ട്. റിസർവ് ബാങ്കിന്റെ ഏജൻസി ബാങ്കുകളിൽ പെട്ട പൊതു, സ്വകാര്യ ബാങ്കുകള്‍ക്ക് നിർദേശം ബാധകമാണ്. ഈ ബാങ്കുകളുടെ ബ്രാഞ്ചുകളും തുറക്കാനാണ് നിർദേശം.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, യൂണിയൻ ബാങ്ക്, ആക്സിസ് ബാങ്ക്, ഫെഡറൽ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐഡിബിഐ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, ധനലക്ഷ്മി ബാങ്ക്, യെസ് ബാങ്ക്, കൊടക്ക് മഹിന്ദ്ര ബാങ്ക്, കർണാടക ബാങ്ക്, ആർബിഎല്‍ ബാങ്ക്, കരൂർ വൈശ്യ ബാങ്ക്, സിഎസ്ബി ബാങ്ക് തുടങ്ങിയവയെല്ലാം റിസർവ് ബാങ്കിന്റെ ഏജൻസി ബാങ്കുകളിൽ പെട്ടവയാണ്.