ന്യൂഡല്‍ഹി: പണപ്പെരുപ്പം, പ്രഖ്യാപിത ലക്ഷ്യമായ നാല് ശതമാനത്തിലൊതുക്കാന്‍ ശ്രമിക്കുകയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). എന്നാല്‍ എല്‍നിനോ പ്രതിഭാസം ഇക്കാര്യത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്നതായി ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. റിപ്പോ നിരക്ക് 2.50 ശതമാനം വര്‍ദ്ധിപ്പിച്ചതും സര്‍ക്കാറിന്റെ സപ്ലൈ സൈഡ് നടപടികളും കഴിഞ്ഞ വര്‍ഷം പണപ്പെരുപ്പം 4.25 ശതമാനമാക്കിയെന്ന് നിരീക്ഷിച്ച ഗവര്‍ണര്‍, 2024 സാമ്പത്തികവര്‍ഷത്തില്‍ പണപ്പെരുപ്പം 5.1 ശതമാനമാകുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു.
മാത്രമല്ല പണപ്പെരുപ്പം 4 ശതമാനത്തിലൊതുക്കാന്‍ പരമാവധി ശ്രമിക്കും.പലിശനിരക്കിന് പണപ്പെരുപ്പവുമായി നേരിട്ട് ബന്ധമുണ്ടെന്നും ഉപഭോക്തൃ വില പണപ്പെരുപ്പം 4 ശതമാനമായി കുറയുകയാണെങ്കില്‍ റിസര്‍വ് ബാങ്കിന് പലിശനിരക്ക് കുറയ്ക്കാന്‍ കഴിയുമെന്നും ദാസ് പറഞ്ഞു. റഷ്യ-ഉക്രെയ്ന്‍ യുദ്ധം ചരക്ക് വില വര്‍ദ്ധനവിന് കാരണമായി.
അതോടെ പണപ്പെരുപ്പം ഉയര്‍ന്നു.എന്നാല്‍ ക്രൂഡ് വില ഇപ്പോള്‍ ആശങ്കാജനകമല്ല.ബാരലിന് 76-76 ഡോളറായി അത് കുറഞ്ഞിട്ടുണ്ട്. ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ കൂടുതല്‍ സ്റ്റോക്കുകള്‍ പുറത്തുവിട്ടതോടെ ഭക്ഷ്യ പണപ്പെരുപ്പവും മിതമായി.
തീരുവ വെട്ടിക്കുറച്ചതും സഹായകരമാണ്. അതേസമയം ഭൗമരാഷ്ട്രീയ സാഹചര്യം, മണ്‍സൂണ്‍ കുറയുന്നത് എന്നിവ വെല്ലുവിളി ഉയര്‍ത്തുന്നു.സാധാരണ കാലവര്ഷം ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെങ്കിലും എല്‌നിനോയെ ചുറ്റിപ്പറ്റി ആശങ്കയുണ്ട്.
ഇത് എത്രത്തോളം ഗുരുതരമാണെന്ന് കണ്ടറിയണം.വെല്ലുവിളികള്‍ പ്രാഥമികമായി കാലവസ്ഥ ബന്ധിതമാണ്. കാരണം മണ്‍സൂണ്‍ കുറവ് ഭക്ഷ്യപണപ്പെരുപ്പമുണ്ടാക്കും. എല്ലാഘടകങ്ങളും കണക്കിലെടുത്താണ് വളര്‍ച്ച അനുമാനം 6.5 ശതമാനമാക്കിയതെന്ന് ഗവര്‍ണര്‍ പറഞ്ഞു.
ഐഎംഎഫ് തുടങ്ങിയ സംഘടനകളുടെ അനുമാനം കുറയ്ക്കുന്നുണ്ടെങ്കിലും 6.5 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന കാര്യത്തില്‍ ആര്‍ബിഐയ്ക്ക് സംശയമില്ല.വായ്പ വളര്‍ച്ച 16 ശതമാനത്തില്‍ സുസ്ഥിരമായതും പ്രൊജക്ട് വായ്പകളുള്‍പ്പടെ കോര്‍പറേറ്റ് വായ്പകള്‍ക്ക് വലിയ ഡിമാന്റുള്ളതും ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ പറഞ്ഞു.ഡോളറിനെതിരെ രൂപ ശക്തിപ്പെട്ടിട്ടുണ്ടെന്ന പറഞ്ഞ ദാസ്
ഫെഡ് റിസര്‍വ് നിരക്കുയര്‍ത്തുന്നത് രൂപയെ ബാധിക്കില്ലെന്നും അറിയിക്കുന്നു.
യുഎസില്‍ നിരക്ക് 5 ശതമാനമാക്കി ഉയര്‍ത്തിയപ്പോഴും രൂപ സുസ്ഥിരമായിരുന്നു.കൂടാതെ, ഉയര്‍ന്ന സേവന കയറ്റുമതി, കുറഞ്ഞ ക്രൂഡ് വില എന്നിവ പോസിറ്റീവ് ഘടകങ്ങളാണ്. കറന്റ് അക്കൗണ്ട് കമ്മി (സിഎഡി) നിയന്ത്രണവിധേയമാണ്.