മുംബൈ: മൊബൈൽ ഫോണിൽ(Mobile Phone) ഏതാനും ക്ലിക്ക് വഴി ഉടനടി പണം കൈമാറ്റവും ബിൽ പേയ്മെന്റുകളും സാധ്യമാക്കുന്ന യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫെയ്സിന് (യുപിഐ/UPI) സമാനമായ വായ്പാ ആപ്ലിക്കേഷനും(Loan Application) അവതരിപ്പിക്കാൻ റിസർവ് ബാങ്ക്(Reserve Bank).
യൂണിഫൈഡ് ലെൻഡിങ് ഇന്റർഫെയ്സ് (യുഎൽഐ/ULI) എന്ന ആപ്പ് പുറത്തിറക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് ആണ് പ്രഖ്യാപിച്ചത്. എംഎസ്എംഇകൾക്കും കർഷകർക്കുമാണ് യുഎൽഐ കൂടുതൽ പ്രയോജനപ്പെടുക.
സ്മാർട്ഫോണുകളുടെ പ്രചാരവും അനുദിനം വൻ സ്വീകാര്യത നേടി മുന്നേറുന്ന യുപിഐയുടെ വിപ്ലവകരമായ നേട്ടവും കരുത്താക്കിയാണ് യുഎൽഐ അവതരിപ്പിക്കാനുള്ള ശ്രമം. ചെറുകിട വായ്പകൾ തേടുന്നവർക്കും യുഎൽഐ വലിയ ആശ്വാസമായേക്കും.
അപ്ലിക്കേഷൻ പ്രോഗ്രാമിങ് ഇന്റർഫെയ്സിൽ അധിഷ്ഠിതമായി, പ്ലഗ് ആൻഡ് പ്ലേ രീതിയിലായിരിക്കും യുഎൽഐയുടെ അവതരണം. വായ്പാസ്ഥാപനങ്ങൾക്ക് നിലവിലെ പ്രവർത്തന സംവിധാനത്തിൽ മാറ്റംവരുത്താതെ തന്നെ യുഎൽഐ ഉപയോഗിച്ച് അതിവേഗം വായ്പാ വിതരണം നടത്താവുന്ന രീതിയാണിത്.
വായ്പാ അപേക്ഷ വേഗത്തിൽ പരിഗണിച്ച്, വായ്പാ വിതരണവും ഉടനടി നടത്താം. ആധാർ വിവരങ്ങൾ (ആധാർ ഇ-കെവൈസി), സംസ്ഥാന സർക്കാരിൽ നിന്നുള്ള ഭൂ ഉടമസ്ഥതാ വിവരങ്ങൾ, പാൻ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ സംഗ്രഹിച്ചാണ് യുഎൽഐ പ്ലാറ്റ്ഫോമിന്റെ പ്രവർത്തനം.
യുഎൽഐയുടെ പരീക്ഷണത്തിന് റിസർവ് ബാങ്ക് 2023 ഓഗസ്റ്റിൽ തുടക്കമിട്ടിരുന്നു. കിസാൻ ക്രെഡിറ്റ് കാർഡ് വായ്പ, ക്ഷീരോൽപാദന മേഖലയ്ക്കുള്ള വായ്പ, എംഎസ്എംഇ വായ്പ, വ്യക്തിഗത വായ്പ, ഭവന വായ്പ എന്നിവയിൽ കേന്ദ്രീകരിച്ചായിരുന്നു പരീക്ഷണം.
യുപിഐ പോലെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഒരു കുടക്കീഴിലാക്കിയുള്ള യുഎൽഐയുടെ പ്രവർത്തനം സാധാരണക്കാർക്ക് പ്രയോജനകരമാകുമെന്ന് റിസർവ് ബാങ്ക് കരുതുന്നു.
നടപടിക്രമങ്ങൾ ലളിതമായതിനാലും വായ്പാ അപേക്ഷകൾ അതിവേഗം തീർപ്പാക്കപ്പെടുമെന്നതിനാലും യുപിഐ പോലെ വലിയ വിജയമായി യുഎൽഐയും മാറുമെന്നും റിസർവ് ബാങ്ക് പ്രതീക്ഷിക്കുന്നു.
യുഎൽഐയുടെ ദുരുപയോഗവും തട്ടിപ്പുകളും തടയാൻ എഐ അധിഷ്ഠിത സുരക്ഷാ സംവിധാനങ്ങളും സജ്ജമാക്കിയേക്കും.