ന്യൂഡല്‍ഹി: ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങള്‍ തിരയാന്‍ ഒരു കേന്ദ്രീകൃത ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സ്ഥാപിക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഗവര്‍ണര്‍ ശക്തികാന്ത ദാസ്.ധനനയ യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. ആര്‍ബിഐയുടെ ഡിപ്പോസിറ്റേഴ്സ് എഡ്യൂക്കേഷന്‍ ആന്‍ഡ് അവയര്‍നസ് ഫണ്ടില്‍ (ഡിഇഎഎഫ്) ഉള്ള, ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങളുടെ അളവ് കണക്കിലെടുക്കുമ്പോള്‍ പ്രഖ്യാപനം ആശ്ചര്യകരമല്ല.
2023 ഫെബ്രുവരി അവസാനം വരെ പൊതുമേഖലാ ബാങ്കുകള്‍ 35,000 കോടിയിലധികം രൂപ ഉടമസ്ഥനില്ലാത്ത നിക്ഷേപങ്ങള്‍ വഹിക്കുന്നു. 2021-22 സാമ്പത്തികവര്‍ഷത്തില്‍ 48262 കോടി രൂപയായിരുന്നു ക്ലെയിം ചെയ്യപ്പെടാത്ത ഡെപോസിറ്റ്. 10 വര്‍ഷമോ അതില്‍ കൂടുതലോ നിഷ്‌ക്രിയമായ നിക്ഷേപമാണ് ഉടമസ്ഥനില്ലാത്തതായി കണക്കാക്കി ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ)യ്ക്ക് കൈമാറുന്നത്. കേന്ദ്രബാങ്ക്, തുക ഡിപ്പോസിറ്റേഴ്‌സ് എജ്യുക്കേഷന്‍ ആന്‍ഡ് അവയര്‍നസ് ഫണ്ടിലേക്ക് (DEAF) മാറ്റും.
ഇത്തരത്തിലുള്ള നിക്ഷേപങ്ങള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)യാണ്. 8086 കോടി രൂപ. പഞ്ചാബ് നാഷണല്‍ ബാങ്ക് (5,340 കോടി രൂപ), കാനറ ബാങ്ക് (4,558 കോടി രൂപ), ബാങ്ക് ഓഫ് ബറോഡ (3,904 കോടി രൂപ) എന്നിവയാണ് കേന്ദ്രബാങ്കിലേയ്ക്ക് തുക മാറ്റിയ മറ്റ് ബാങ്കുകള്‍.
വായ്പാദാതാക്കള്‍ നിഷ്‌ക്രിയ അക്കൗണ്ടുകളുടെ വാര്‍ഷിക അവലോകനം നടത്തേണ്ടതുണ്ട്. തുടര്‍ന്ന് അക്കൗണ്ട് ഉടമകളെ ഇക്കാര്യം അറിയിക്കുകയും നിഷ്‌ക്രിയമായി തുടരുന്നതിനുള്ള കാരണങ്ങള്‍ ആരായുകയും വേണം.
നിലവിലെ രീതി
നിങ്ങള്‍ക്കോ കുടുംബാംഗങ്ങളില്‍ ആര്‍ക്കെങ്കിലുമോ ക്ലെയിം ചെയ്യപ്പെടാത്ത തുകയുണ്ടോ എന്നറിയാന്‍ നിലവില്‍ ഓരോ ബാങ്കിന്റെയും വെബ്‌സൈറ്റ് പരിശോധിക്കേണ്ടതുണ്ട്. ഇതിനായി അക്കൗണ്ട് ഉടമയുടെ പേര്, വിലാസം, ജനനത്തീയതി, അല്ലെങ്കില്‍ പാന്‍ തുടങ്ങിയ ചില അടിസ്ഥാന വിശദാംശങ്ങള്‍ നല്‍കണം. അക്കൗണ്ട് നമ്പര്‍ അറിയേണ്ടതില്ല.
മരിച്ചുപോയ കുടുംബാംഗത്തിന്റെ പേരിലുള്ള അക്കൗണ്ട് തിരയുക ബുദ്ധിമുട്ടുള്ള കാര്യമാണ്. പല കേസുകളിലും, മരിച്ച വ്യക്തിയുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ അറിയണമെന്നില്ല.
പ്രവര്‍ത്തനരഹിതമായ അക്കൗണ്ടുകളും ഉപഭോക്താക്കളുടെ പേരും വിലാസവും ചില ബാങ്കുകള്‍ പുറത്തുവിടാറുമുണ്ട്.
അതേസമയം കേന്ദ്രീകൃത പോര്‍ട്ടല്‍ ഒരു കുടുംബത്തിന് അവരുടെ ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങള്‍ തിരയുന്നത് എളുപ്പമാക്കും.