ന്യൂഡല്‍ഹി: തട്ടിപ്പ് സംബന്ധിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പുറത്തിറക്കിയ മാസ്റ്റര്‍ സര്‍ക്കുലര്‍ സ്വാഭാവിക നീതി നിഷേധമാണെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. അതെങ്ങിനെയെന്ന് പരിശോധിക്കുകയാണ് ചുവടെ. വര്‍ദ്ധിച്ചുവരുന്ന തട്ടിപ്പുകളില്‍ നിന്ന് നിക്ഷേപകരേയും ബാങ്കുകളേയും സംരക്ഷിക്കാനാണ് ആര്‍ബിഐ മാസ്റ്റര്‍ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്. 1949 റെഗുലേഷന്‍ ആക്ട് സെക്ഷന്‍ 35-എ പ്രകാരമായിരുന്നു അത്.
ഇന്ത്യന്‍ പീനല്‍ കോഡിന്റെ അടിസ്ഥാനത്തില്‍ മാസ്റ്റര്‍ സര്‍ക്കുലര്‍ തട്ടിപ്പിനെ തരം തിരിക്കുന്നു. മാത്രമല്ല തട്ടിപ്പ് രജിസ്ട്രി(സിഎഫ്ആര്‍) രൂപീകരിക്കുമെന്നും ആര്‍ബിഐ അറിയിച്ചു. ആവര്‍ത്തിച്ച് ഉപയോഗിക്കുന്ന ഐപി (ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍) വിലാസങ്ങളും ഫോണ്‍ നമ്പറുകളുമാണ് രജിസ്ട്രിയില്‍ സൂക്ഷിക്കുക.
തട്ടിപ്പുകാരുടെ ഐപി വിലാസങ്ങളും ഫോണ്‍ നമ്പറുകളും മറ്റ് വിശദാംശങ്ങളും തിരിച്ചറിഞ്ഞുകഴിഞ്ഞാല്‍, അവരെ കരിമ്പട്ടികയില്‍ പെടുത്താന്‍ ആര്‍ബിഐയ്ക്ക് കഴിയും. രജിസ്ട്രി വഴി ബാങ്കുകള്‍ക്ക് തട്ടിപ്പ് വിശദാംശങ്ങള്‍ കേന്ദ്രബാങ്കിനെ അറിയിക്കാം.
നടപടിക്രമങ്ങള്‍ പാലിച്ച ശേഷം ബാങ്കുകള്‍ അക്കൗണ്ട് തട്ടിപ്പ് പ്രഖ്യാപിക്കുകയും നിയമ നിര്‍വ്വഹണ ഏജന്‍സികള്‍ക്ക് പരാതി നല്‍കുകയും ചെയ്യും.
അതേസമയം തിരിച്ചടവ് മുടക്കിയ വായ്പ അക്കൗണ്ട് ഹോള്‍ഡര്‍മാരെ ശ്രവിക്കണമെന്ന് സുപ്രീംകോടതി ബാങ്കുകളോടാവശ്യപ്പെടുന്നു. വായ്പക്കാരുടെ അക്കൗണ്ടുകള്‍ തട്ടിപ്പായി തരംതിരിക്കുന്നതിന് മുമ്പ് വാദം കേള്‍ക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ഹിമ കോഹ്ലി എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച് ഉത്തരവിട്ടിരുന്നു.
വായ്പ തിരിച്ചടവ് വരുത്തിയവര്‍ സ്വാഭാവിക നീതിയ്ക്ക് അര്‍ഹരാണെന്നും പരമോന്നത കോടതി നിരീക്ഷിച്ചു.
അക്കൗണ്ടുകള്‍ വഞ്ചനാപരമെന്ന് തരംതിരിക്കുമ്പോള്‍, കടം വാങ്ങിയവര്‍ സിവില്‍,ക്രിമിനല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും. ഇതവരെ ‘ ബ്ലാക്ക്‌ലിസ്റ്റ്’ ചെയ്യുന്നതിന് തുല്യമാണ്. അക്കൗണ്ട് വഞ്ചനാപരമാക്കുമ്പോള്‍ അതിനുള്ള കാരണങ്ങള്‍ വിശദീകരിക്കാന്‍ ബാങ്കുകള്‍ ബാധ്യസ്ഥരാണെന്നും സുപ്രീംകോടതി പറയുന്നു.