ന്യൂഡല്‍ഹി: ഉപഭോക്തൃ വില സൂചിക (സിപിഐ), കോര്‍ സിപിഐ എന്നിവ താഴ്ന്നതിന്റെ പശ്ചാത്തലത്തില്‍ ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) നിരക്ക് വര്‍ധനയ്ക്ക് മുതിര്‍ന്നേയ്ക്കില്ല. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സാമ്പത്തിക ഗവേഷണ വകുപ്പ് (ഇആര്‍ഡി) പ്രതീക്ഷിക്കുന്നു. 2023 ജൂണ്‍ 6 മുതല്‍ 8 വരെയാണ് എംപിസി ദ്വൈമാസ യോഗം നടക്കുക.
” നിലവിലെ നിരക്കായ 6.5 ശതമാനം, അവശ്യ നിരക്കായ 6.22 ശതമാനത്തേക്കാള്‍ കൂടുതലാണ്. അതിനാല്‍ ജൂണ്‍ 23 ന് നടക്കുന്ന എംപിസി യോഗത്തില്‍ നിരക്ക് വര്‍ധന പ്രതീക്ഷിക്കുന്നില്ല. അതേസമയം വരും മാസങ്ങളിലെ സിപിഐ, കോര്‍ സിപിഐ സംഖ്യകള്‍ നിരീക്ഷണത്തിന് വിധേയമാകും” എസ്ബിഐ ഗ്രൂപ്പ് ചീഫ് ഇക്കണോമിക് അഡൈ്വസര്‍ സൗമ്യ കാന്തി ഘോഷ് പറഞ്ഞു.
അടുത്ത പാദത്തില്‍ നിരക്ക് 6 ശതമാനമായി കുറയുമെന്ന് ഇആര്‍ഡിയുടെ മെഷീന്‍ ലേണിംഗ് അധിഷ്ഠിത വിശകലനം സൂചിപ്പിക്കുന്നു.ഉപഭോക്തൃ സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഏപ്രില്‍ മാസത്തില്‍ 18 മാസത്തെ താഴ്ചയായ 4.7 ശതമാനത്തില്‍ എത്തിയിരുന്നു. ഇത് തുടര്‍ച്ചയായ രണ്ടാം മാസമാണ് ചില്ലറ പണപ്പെരുപ്പം ആര്‍ബിഐ ടോളറന്‍സ് പരിധിയായ 4-6 ശതമാനത്തില്‍ ഒതുങ്ങുന്നത്.
മാര്‍ച്ചില്‍ 5.66 ശതമാനമായിരുന്നു സിപിഐ പണപ്പെരുപ്പം.
ഫെബ്രുവരിയില്‍ നടന്ന അവസാന പണനയ അലോകന യോഗത്തിലും ആര്‍ബിഐ നിരക്ക് വര്‍ദ്ധനയ്ക്ക് മുതിര്‍ന്നില്ല. പ്രതീക്ഷ തെറ്റിക്കാതെ, മാര്‍ച്ചിലും ഏപ്രിലിലും പണപ്പെരുപ്പം ടോളറന്‍സ് പരിധിയ്ക്ക് താഴെയെത്തുകയും ചെയ്തു.
എങ്കിലും 2022 മെയ് മാസം തൊട്ട് 250 ബേസിസ് പോയിന്റ് നിരക്ക് വര്‍ധനവിന് ആര്‍ബിഐ തയ്യാറായിട്ടുണ്ട്. 6.5 ശതമാനമാണ് നിലവില്‍ റിപ്പോ നിരക്ക്.