
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ നിരക്ക് നിര്‍ണയ സമിതി വ്യാഴാഴ്ച യോഗം ചേര്‍ന്നു. സര്‍ക്കാറിന് നല്‍കുന്ന റിപ്പോര്‍ട്ടിന് അന്തിമ രൂപം നല്‍കുകയായിരുന്നു ലക്ഷ്യം. റീട്ടെയില്‍ പണപ്പെരുപ്പം, തുടര്‍ച്ചയായി മൂന്ന് പാദങ്ങളില്‍ 6 ശതമാനത്തില്‍ കൂടിയതിനെ തുടര്‍ന്നാണ് കേന്ദ്രബാങ്ക് വിശദീകരണ റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്.
റിപ്പോര്‍ട്ട് സര്‍ക്കാരിന് ഉടന്‍ സമര്‍പ്പിക്കപ്പെടും. ഗവര്‍ണര്‍ ശക്തികാന്ത ദാസ് അധ്യക്ഷനായ സമിതിയില്‍ ശശാങ്ക ഭിഡെ, നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ചിലെ ഓണററി സീനിയര്‍ അഡ്വൈസര്‍, ഡല്‍ഹി; മുംബൈയിലെ ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡെവലപ്‌മെന്റ് റിസര്‍ച്ചിലെ എമറിറ്റസ് പ്രൊഫസര്‍ ആഷിമ ഗോയല്‍, അഹമ്മദാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റിലെ പ്രൊഫസര്‍ ജയന്ത് ആര്‍ വര്‍മ്മ, ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ മൈക്കല്‍ ദേബബ്രത പത്ര, ആര്‍ബിഐ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രാജീവ് രഞ്ജന്‍ എന്നിവര്‍ അംഗങ്ങളാണ്.
2016ല്‍ ധനനയ ചട്ടക്കൂട് നിലവില്‍ വന്നതിന് ശേഷം ആദ്യമായാണ് ആര്‍ബിഐ സര്‍ക്കാരിന് വിശദീകരണം നല്‍കേണ്ടി വരുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള റീട്ടെയില്‍ പണപ്പെരുപ്പം 2022 ജനുവരി മുതല്‍ 6 ശതമാനത്തിന് മുകളിലായിരുന്നു.
അതേസമയം റിപ്പോര്‍ട്ട് ഒരു ഘട്ടത്തില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് ഗവര്‍ണര്‍ ശക്തികാന്ത ദാസ് നവംബര്‍ 2 ന് പറഞ്ഞു. കത്ത് പുറത്തുവിടാനുള്ള പദവിയോ അധികാരമോ ആഡംബരമോ നിലവില്‍ തനിക്കില്ലെന്നും എന്നാല്‍ ഒരു ഘട്ടത്തില്‍ കത്ത് ജനങ്ങള്‍ക്ക് ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. മുഴുവന്‍ പണനയ ചട്ടക്കൂടും സുതാര്യയെ അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്.
എംപിസിയുടെ (മോണിറ്ററി പോളിസി കമ്മിറ്റി) പ്രമേയം മുഴുവന്‍ സമ്പദ്‌വ്യവസ്ഥയെ ഉദ്ദേശിച്ചുള്ളതാണ്. ആര്‍ബിഐയുടെ തീരുമാനം എന്താണെന്ന് അറിയാനുള്ള അവകാശം വിപണിയ്ക്കും രാജ്യത്തെ പൗരന്മാര്‍ക്കുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.