ന്യൂഡല്‍ഹി: സുസ്ഥിരമായ, താഴ്ന്ന പണപ്പെരുപ്പം ഉറപ്പാക്കിയതിന് ശേഷം മാത്രമേ ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) നിരക്ക് ലഘൂകരിക്കൂ, മോണിറ്ററി പോളിസി പാനലിലെ ബാഹ്യ അംഗം ശശാങ്ക ഭിഡെ ഇക്കണോമിക് ടൈംസിനോട് പറഞ്ഞു. പണപ്പെരുപ്പം പ്രഖ്യാപിത ലക്ഷ്യമായ 4 ശതമാനത്തില്‍ ഒതുക്കേണ്ടത് പ്രധാനമാണ്. ധനനയത്തിലെ ഇടയ്ക്കിടെയുള്ള മാറ്റം, വളര്‍ച്ചയും പണപ്പെരുപ്പ ലക്ഷ്യങ്ങളും കൈവരിക്കുന്നതിന് തടസമാകുമെന്നും ഭിഡെ പറഞ്ഞു.
ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസും നേരത്തെ സമാന അഭിപ്രായ പ്രകടനം നടത്തിയിരുന്നു. എന്നാല്‍ ആര്‍ബിഐ തങ്ങളുടെ ധനനയത്തില്‍ സുതാര്യത പ്രകടിപ്പിക്കുന്നില്ലെന്ന് എംപിസിയിലെ മറ്റൊരംഗം ജയന്ത് വര്‍മ്മ ആരോപിച്ചു. പണപ്പെരുപ്പം താഴ്ത്താതെ വളര്‍ച്ച ഉറപ്പുവരുത്തുന്ന നിലപാടില്‍ നിന്നും കേന്ദ്രബാങ്ക് പിന്നോക്കം പോയതാണ് വര്‍മ്മയെ ചൊടിപ്പിക്കുന്നത്.
റീട്ടെയില്‍ പണപ്പെരുപ്പം മെയ് മാസത്തില്‍ 25 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 4.25 ശതമാനമായി കുറഞ്ഞിരുന്നു. എന്നാല്‍ ജൂണ്‍ മുതല്‍ ഇത് 5 ശതമാനത്തിനടുത്ത് ഉയരാനാണ് സാധ്യത. മണ്‍സൂണ്‍ ദുര്‍ബലമായതാണ് കാരണം.
വൈകിയെത്തിയ ജൂണ്‍ – സെപ്തംബര്‍ മണ്‍സൂണ്‍ സാധാരണയേക്കാള്‍ 28 ശതമാനം കുറവാണ്. ഇത് ഭക്ഷ്യവില വര്‍ധിപ്പിച്ചിരിക്കാമെന്ന് ആര്‍ബിഐ കണക്കുകൂട്ടുന്നു.