മുംബൈ: ഐആർസിടിസി ഡിജിറ്റൽ ഡാറ്റ മോണിറ്റൈസേഷൻ പ്ലാനുമായി മുന്നോട്ട് പോകാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) അതിന്റെ പ്ലാൻ മുന്നോട്ട് കൊണ്ടുപോകാൻ ഉപദേശക സേവന സ്ഥാപനമായ കെപിഎംജിയുമായി തിങ്കളാഴ്ച ചർച്ച നടത്തിയേക്കുമെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് സീ ബിസിനസ് റിപ്പോർട്ട് ചെയ്തു.
ഐആർസിടിസി അതിന്റെ ഡിജിറ്റൽ ആസ്തികൾ പണമാക്കുന്നതിലൂടെ 1,000 കോടി രൂപയുടെ വരുമാനം പ്രതീക്ഷിക്കുന്നു. ഇതിനായുള്ള ടെൻഡർ പ്രക്രിയ തുടരുമെന്നും, ഡിജിറ്റൽ അസറ്റ് മോണിറ്റൈസേഷൻ സംബന്ധിച്ച നിർദ്ദേശം റെയിൽവേ മന്ത്രാലയം ഇതിനകം തന്നെ നിയമ, നീതിന്യായ മന്ത്രാലയവുമായും ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയവുമായുമായി ചർച്ച ചെയ്തിട്ടുണ്ടെന്നും സ്രോതസ്സുകളെ ഉദ്ധരിച്ച് സീ റിപ്പോർട്ട് ചെയ്തു.
കമ്പനി തിടുക്കത്തിൽ ഒരു തീരുമാനവും എടുക്കില്ലെന്നും പുതിയ ഐടി (ഇൻഫർമേഷൻ ആൻഡ് ടെക്നോളജി) നിയമം പാസാക്കുന്നതുവരെ നടപടിക്രമങ്ങൾ വൈകിപ്പിക്കാൻ സാധ്യതയുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു. എന്നിരുന്നാലും, അതുവരെ ഡിജിറ്റൽ അസറ്റ് മോണിറ്റൈസേഷൻ പ്ലാനെക്കുറിച്ചും നിർദ്ദിഷ്ട സംരംഭങ്ങളെക്കുറിച്ചും കൺസൾട്ടന്റുമായി കമ്പനി ചർച്ച തുടരുമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ഐആർസിടിസി ഓഗസ്റ്റ് 18-ലെ ഒരു വിജ്ഞാപനത്തിലൂടെ ഡിജിറ്റൽ ഡാറ്റ മോണിറ്റൈസേഷനായി ഒരു കൺസൾട്ടന്റിനെ നിയമിക്കുന്നതിനുള്ള ഇ-ടെൻഡർ നടത്തിയിരുന്നു. വരുമാനം വർധിപ്പിക്കുന്നതിനും ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും ഡാറ്റ അസറ്റുകൾ പ്രയോജനപ്പെടുത്താൻ പദ്ധതിയുണ്ടെന്ന് ഐആർസിടിസി അതിന്റെ വിജ്ഞാപനത്തിന്റെ ഒബ്ജക്റ്റീവ് വിഭാഗത്തിൽ പറഞ്ഞിരുന്നു. ടെണ്ടർ സമർപ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 29 ആണ്. ലേലത്തിൽ പങ്കെടുക്കുന്നവർ 2 ലക്ഷം രൂപ ഏണസ്റ്റ് മണി ഡെപ്പോസിറ്റ് (EMD) ആയി നിക്ഷേപിക്കണം.
പബ്ലിക് ഫെയ്‌സിംഗ്, വെണ്ടർ ആപ്ലിക്കേഷനുകൾ, ഇന്ത്യൻ റെയിൽവേയുടെയും മറ്റ് യൂണിറ്റുകളുടെയും വെബ്‌സൈറ്റുകൾ, റോഡ് മാപ്പ്, ഫലപ്രദമായ ധനസമ്പാദന തന്ത്രങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ ഡാറ്റയും വിശകലനം ചെയ്യാനും അവലോകനം ചെയ്യാനും ഒരു കൺസൾട്ടിംഗ് സ്ഥാപനത്തെ ഏൽപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് കമ്പനി അറിയിച്ചിരുന്നു.