ന്യൂഡല്‍ഹി: ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം (MeitY) ഗവേഷണത്തിനും വികസനത്തിനുമുള്ള (R&D) മുന്‍ഗണനകളും നയങ്ങളും പുനഃപരിശോധിക്കാനൊരുങ്ങുന്നു. കൂടാതെ എല്ലാ പ്രോജക്റ്റുകള്‍ക്കുമായി ഒരു പ്രോഗ്രാം മാനേജ്‌മെന്റ് ചട്ടക്കൂടുണ്ടാക്കാനും പദ്ധതിയുണ്ട്. ഇതിനായി, ഐടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ മെയ്റ്റി ആര്‍ ആന്‍ഡ് ഡി, ഹൈടെക് അഡ്വൈസറി ഗ്രൂപ്പ്, വ്യവസായ പ്രതിനിധികള്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവര്‍ ഓഗസ്റ്റ് 6 ന് യോഗം ചേര്‍ന്നു.
മന്ത്രാലയത്തിലെ ഡിവിഷനുകള്‍ക്കെല്ലാം പ്രത്യേക ഗവേഷണ വിഭാഗമാണുള്ളത്. ഇലക്ട്രോണിക്‌സ്, സൈബര്‍ സുരക്ഷ, ആശയവിനിമയം തുടങ്ങിയ വിഷയങ്ങളിലായി ഐഐടികള്‍, സിഡാക് തുടങ്ങിയ സ്ഥാപനങ്ങള്‍ നിരവധി ഗവേഷണങ്ങള്‍ നടത്തുന്നു. ഇവയെ ഉത്പന്ന രൂപീകരണത്തിനുള്ള മാര്‍ഗ്ഗമാക്കി മാറ്റുക എന്നതായിരുന്നു യോഗത്തിന്റെ ലക്ഷ്യം.
അര്‍ദ്ധചാലകങ്ങളുമായി ബന്ധപ്പെട്ട ഉത്പന്നങ്ങള്‍ക്കാണ് യോഗം മുന്‍ഗണന നല്‍കിയത്. സര്‍ക്കാര്‍ ഈ മേഖലയില്‍ വലിയ താല്‍പര്യം കാണിക്കുന്ന സാഹചര്യത്തിലാണ് ഇത്. വിതരണ ശൃംഖലയില്‍ ഗവണ്‍മെന്റിന് പൂര്‍ണ്ണ നിയന്ത്രണം സാധ്യമാകുന്ന ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്നതിലും ഊന്നല്‍ നല്‍കിയതായി വൃത്തങ്ങള്‍ അറിയിച്ചു.
ഉദാഹരണത്തിന്, ജിപിഎസിനു പകരമുള്ള ഇന്ത്യന്‍ റീജിയണല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം അല്ലെങ്കില്‍ നാവിക് (NavIC). ഇത് പൂര്‍ണ്ണമായും ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ നിയന്ത്രണത്തിലുള്ള സംവിധാനമാണ്. ഭാവിയില്‍, ഈ വിദഗ്ധ ഉപദേശക സമിതിയുടെ യോഗം മാസത്തില്‍ രണ്ടോ മൂന്നോ തവണ ചേരാനും അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള ഒരു റോഡ്മാപ്പ് വിവരിക്കുന്ന ധവളപത്രം സര്‍ക്കാറിന് സമര്‍പ്പിക്കാനും തീരുമാനമായി.
സ്റ്റാര്‍ട്ടപ്പുകളും മീറ്റിംഗില്‍ പങ്കെടുത്തു.
.