വാഷിങ്ടൻ: സാമ്പത്തിക മാന്ദ്യം തുടരുമെന്ന സൂചന നൽകി രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്) . ആഗോള സാമ്പത്തിക വളർച്ച കുറയുന്നതോടൊപ്പം ഇന്ത്യയുടെ വളർച്ചയും കുറയുമെന്ന് ഐഎംഎഫ്. നടപ്പു സാമ്പത്തിക വർഷം 6.8 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്.
ജൂലൈയിൽ 7.4 ശതമാനം വളർച്ചയാണ് കണക്കാക്കിയിരുന്നത്. ജനുവരിയിൽ ഇത് 8.2 ശതമാനവും. 2021–2022 വർഷം 8.7 ശതമാനം വളർച്ച കൈവരിച്ചിരുന്നു.
ഐഎംഎഫ് പുറത്തിറക്കിയ വാർഷിക സാമ്പത്തിക അവലോകനത്തിൽ ആഗോള സാമ്പത്തിക വളർച്ച ഈ വർഷം 3.2 ശതമാനമാകും. അടുത്ത വർഷം 2.7 ശതമാനവും. 2001ന് ശേഷമുള്ള ഏറ്റവും താഴ്ന്ന വളർച്ചാ നിരക്കാവും ഇത്. ലോകത്തിലെ മുൻനിര സാമ്പത്തിക ശക്തികളായ യുഎസ്, ചൈന , യൂറോ സോൺ എന്നിവിടങ്ങളിലാണ് മാന്ദ്യം ഏറ്റവും കൂടുതൽ പ്രകടമാകുക.
ചൈനയുടെ വളർച്ച ഈ വർഷം 3.2 ശതമാനം മാത്രമാകും. അടുത്ത വർഷം കണക്കാക്കുന്നത് 4.4 ശതമാനവും. കോവിഡ് പ്രതിസന്ധി തുടരുന്നതാണ് ചൈനയെ പ്രതികൂലമായി ബാധിക്കുന്നത്. സാമ്പത്തിക രംഗത്ത് നിയന്ത്രണങ്ങൾ കൊണ്ടു വരുന്നതാണ് യുഎസ്സിനു തിരിച്ചടിയാകുന്നത്. അടുത്ത വർഷം ഒരു ശതമാനം വളർച്ച മാത്രമാണ് പ്രതീക്ഷിക്കുന്നത്.
ഇതിനിടയിലാണ് റഷ്യ–യുക്രെയ്ൻ യുദ്ധം ഉയർത്തുന്ന ഭീഷണി. നാണ്യപ്പെരുപ്പ നിരക്കിലെ വർധന രാജ്യങ്ങളുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. അടുത്ത വർഷം ആഗോള സമ്പദ് ഘടനയുടെ മൂന്നിലൊന്ന് കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് വീഴുമെന്ന മുന്നറിയിപ്പും ഐഎംഎഫ് നൽകുന്നു.
ഏറ്റവും മോശമായ അവസ്ഥ വരാനിരിക്കുന്നതേയുള്ളു– ഐഎംഎഫ് പറയുന്നു.