Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ഫാസ്ടാഗ് ടോൾ പിരിവിൽനിന്നു റിക്കാർഡ് നേട്ടം

ന്യൂഡൽഹി: ഫാസ്ടാഗിലൂടെ വൻ സാമ്പത്തികനേട്ടമുണ്ടാക്കി ദേശീയപാതാ അഥോറിറ്റി (എൻഎച്ച്എഐ).

സമീപമാസങ്ങളിൽ 4,000 കോടിയിലധികം രൂപയാണ് അഥോറിറ്റിക്കു രാജ്യത്തെ ദേശീയപാതകളിലെ ടോൾ പിരിവിലൂടെ ലഭിച്ചത്. ഈ വർഷം ജൂണ്‍ വരെ എല്ലാ മാസവും ഫാസ്ടാഗിൽനിന്നുള്ള ടോൾപിരിവ് 4,000 കോടി രൂപയ്ക്കു മുകളിലെത്തിയെന്നാണു കണക്കുകൾ.

ഏപ്രിലിൽ 4314 കോടി, മേയിൽ 4554 കോടി, ജൂണിൽ 4349 കോടി എന്നിങ്ങനെയാണു ടോൾ പ്ലാസകളിൽനിന്നു ദേശീയപാതാ അഥോറിറ്റി പിരിച്ചെടുത്തത്. 2022-23 വർഷത്തെ ഫാസ്ടാഗ് പിരിവിന്‍റെ ശരാശരിയേക്കാൾ വളരെ കൂടുതലാണിത്. ഇക്കാലയളവിൽ 3,841 കോടിയായിരുന്നു ശരാശരി പിരിവ്.

ഈ വർഷം ഏപ്രിൽ-ജൂണ്‍ കാലയളവിലെ ഫാസ്ടാഗ് ശരാശരി 4,406 കോടി രൂപ വരും. ജനുവരി-മാർച്ച് പാദത്തിൽ ഇത് 4,083 കോടിയായിരുന്നു.

രാജ്യത്തു ടോൾപ്ലാസകളുടെ എണ്ണം വർധിച്ചതാണു പിരിവ് കൂടാൻ കാരണമെന്നാണു വിലയിരുത്തൽ. 2022-23 കാലയളവിൽ മാത്രം ദേശീയപാതാ അഥോറിറ്റി 112 ടോൾ പിരിവുകേന്ദ്രങ്ങൾ ആരംഭിച്ചതായും സർക്കാർ കണക്കുകൾ പറയുന്നു.

സാറ്റലൈറ്റ് അടിസ്ഥാനമാക്കിയുള്ള ടോൾ പിരിവിനെക്കുറിച്ചുള്ള പഠനങ്ങളിലാണു സർക്കാർ ഇപ്പോൾ. പദ്ധതി പ്രാബല്യത്തിലായാൽ ദേശീയപാതകളിലെ ടോൾ പിരിവ് കേന്ദ്രങ്ങൾ അപ്രത്യക്ഷമാകും.

ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (ജിഎൻഎസ്എസ്) പോലുള്ള പുതിയ സാങ്കേതികവിദ്യകളെക്കുറിച്ചു പഠിക്കാൻ സർക്കാർ കണ്‍സൾട്ടൻസികളെ നിയോഗിച്ചിട്ടുണ്ട്.

ദേശീയപാതയിൽ വാഹനങ്ങളുടെ സ്ഥാനം നിർണയിച്ച്, യാത്രാദൂരം കണക്കാക്കി ടോൾ തുക ഈടാക്കുന്ന പദ്ധതിയാണു ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം.

X
Top