കൊച്ചി: രാജ്യത്തെ ഓഹരി വിപണികൾ മികച്ച മുന്നേറ്റം തുടരുന്നതിനാൽ മ്യൂച്വൽ ഫണ്ടുകളിലേക്കുള്ള ചെറുകിട നിക്ഷേപകരുടെ പണമൊഴുക്കിൽ റെക്കോർഡ് കുതിപ്പ്.
സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യയുടെ കണക്കുകളനുസരിച്ച് മാർച്ചിൽ ചെറുകിട നിക്ഷേപകർ 45,120 കോടി രൂപയാണ് ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകളിൽ മുടക്കിയത്.
മ്യൂച്വൽ ഫണ്ടുകളിൽ റീട്ടെയിൽ നിക്ഷേപകർ നടത്തിയ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിമാസ നിക്ഷേപമാണിത്. ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരി വിലകളിൽ ദൃശ്യമായ കനത്ത വില്പന സമ്മർദ്ദത്തിനിടയിലും ആഭ്യന്തര നിക്ഷേപകർ മ്യൂച്വൽ ഫണ്ടുകൾ വാങ്ങാൻ ഏറെ താത്പര്യം കാണിച്ചുവെന്ന് കണക്കുകൾ പറയുന്നു.
കൊവിഡ് രോഗ വ്യാപനകാലത്തിലാണ് ഇതിന് മുൻപ് ഇത്രയേറെ തുക മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപമായി ലഭിച്ചതെന്ന് ഓഹരി വിപണിയിലുള്ളവർ പറയുന്നു.
ഇൻഷ്വറൻസ്, പെൻഷൻ കമ്പനികളും മ്യൂച്വൽ ഫണ്ടുകളും സംയുക്തമായി 56,300 കോടി രൂപയാണ് ഓഹരി വിപണിയിൽ മാർച്ചിൽ മുടക്കിയത്.ഓഹരി വിപണിയിലെ റെക്കാഡ് മുന്നേറ്റമാണ് മ്യൂച്വൽ ഫണ്ടുകളിലേക്കുള്ള പണമൊഴുക്ക് കുതിച്ചുയരാൻ സഹായിക്കുന്നത്.
കഴിഞ്ഞ മൂന്നര വർഷമായിമ്യൂച്വൽ ഫണ്ടുകളിലേക്കുള്ള പണമൊഴുക്ക് തുടർച്ചയായി മുകളിലേക്ക് നീങ്ങുകയാണ്. മ്യൂച്വൽ ഫണ്ടുകളിൽ മുൻപൊരിക്കലുമില്ലാത്ത ആവേശമാണ് ദൃശ്യമാകുന്നതെന്ന് ധനകാര്യ വിപണിയിലുള്ളവർ പറയുന്നു.ഫെബ്രുവരിയിലേക്കാൾ 40 ശതമാനം അധികം തുക മാർച്ചിൽ മ്യൂച്വൽ ഫണ്ടുകളിൽ ലഭിച്ചു.
സാമ്പത്തിക മേഖലയിലെ മികച്ച വളർച്ചയും ഓഹരി വിപണിയുടെ ചരിത്ര മുന്നേറ്റവും മ്യൂച്വൽ ഫണ്ടുകളിലേക്കുള്ള പണമൊഴുക്ക് കൂട്ടുകയാണെന്ന് അസോസിയേഷൻ ഒഫ് മ്യൂച്വൽ ഫണ്ട്സ് ഒഫ് ഇന്ത്യയിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ പറയുന്നു.
കഴിഞ്ഞ മാസം പുതിയ അഞ്ച് ഫണ്ടുകൾ വിപണിയിലെത്തിയതും നിക്ഷേപ വളർച്ചയ്ക്ക് കരുത്തായി. സെക്ടറൽ, തീമാറ്റിക് ഫണ്ടുകളിലാണ് നിക്ഷേപകർ അധിക താത്പര്യം പ്രകടിപ്പിക്കുന്നത്.
ഫണ്ടുകളുടെ എണ്ണം കൂടുന്നു
ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകളുടെ എണ്ണം ഇന്ത്യയിൽ 150 കടന്നു. ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരികളിൽ നിക്ഷേപിക്കുന്ന ഫണ്ടുകളിലും മികച്ച നിക്ഷേപ താത്പര്യം തുടരുകയാണ്.
മൂന്ന് വർഷത്തിനിടെ പ്രമുഖ ഫണ്ടുകളെല്ലാം നിക്ഷേപകർക്ക് മികച്ച വരുമാനമാണ് ലഭ്യമാക്കിയത്. ഇൻഡെക്സ് ഫണ്ടുകളാണ് ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ചത്. പ്രതിവർഷം ഇരുപത് മുതൽ അൻപത് ശതമാനം വരെ വരുമാനം ലഭ്യമാക്കിയ ഫണ്ടുകളിലാണ് കൂടുതൽ റീട്ടെയിൽ നിക്ഷേപം ലഭിക്കുന്നത്.
ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരികളിൽ നിക്ഷേപിക്കുന്ന ഫണ്ടുകളാണ്ഇപ്പോൾ ഉയർന്ന വരുമാനം നൽകുന്നതെന്നും വിദഗ്ദ്ധർ പറയുന്നു.