
ആപ്പിൾ ഐഫോണിൻ്റെ അസംബ്ലിങ്ങ് അടക്കം നിർവ്വഹിക്കുന്ന ഇലക്ട്രോണിക്സ് കരാർ കമ്പനിയായ ഫോക്സ്കോണും ടാറ്റയും മാർച്ച് മാസത്തിൽ രണ്ട് ബില്യൺ ഡോളറിൻ്റെ ഐഫോണുകൾ അമേരിക്കയിലേയ്ക്ക് കയറ്റുമതി ചെയ്തതായി റിപ്പോർട്ട്.
ട്രംപ് ഭരണകൂടം പ്രഖ്യാപിച്ച വ്യാപാര നികുതിയെ മറികടക്കാനാണ് ഈ റെക്കോർഡ് കയറ്റുമതിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ട്രംപിന്റെ വ്യാപാര നികുതി ചെലവ് വർദ്ധിപ്പിക്കുമെന്ന ആശങ്കയെത്തുടർന്ന് ആപ്പിൾ ഇന്ത്യയിൽ അവരുടെ ഉൽപ്പാദനം വർദ്ധിപ്പിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ചാർട്ടേഡ് കാർഗോ വിമാനങ്ങൾ വഴി 600 ടൺ ഐഫോണുകൾ ആപ്പിൾ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തെന്നാണ് കസ്റ്റംസ് ഡാറ്റകൾ വ്യക്തമാക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് 26% തീരുവയാണ് ട്രംപ് ഭരണകൂടം ചുമത്തിയിരിക്കുന്നത്.
ആപ്പിളിന്റെ ഇന്ത്യയിലെ പ്രധാന അസംബ്ലിങ്ങ് കമ്പനിയായ ഫോക്‌സ്‌കോണ്‍ മാർച്ചിൽ 1.31 ബില്യൺ ഡോളറിന്റെ സ്മാർട്ട്‌ഫോണുകളാണ് കയറ്റുമതി ചെയ്തതത്.
ഇതിൽ ആപ്പിൾ ഐഫോൺ 13, 14, 16, 16 E മോഡലുകളും ഉൾപ്പെടുന്നു. ഇതോടെ ഈ വർഷം ഇതുവരെ ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്കുള്ള ഫോക്‌സ്‌കോണിന്റെ മൊത്തം കയറ്റുമതി 5.3 ബില്യൺ ഡോളറായി ഉയർന്നു.
മാർച്ചിൽ ടാറ്റ ഇലക്ട്രോണിക്‌സ് 612 മില്യൺ ഡോളറിൻ്റെ ആപ്പിൾ ഐഫോണുകളാണ് കയറ്റുമതി ചെയ്തത്. ഫെബ്രുവരി മാസത്തെക്കാൾ ഏകദേശം 63% കൂടുതലാണ് മാർച്ചിലെ കയറ്റുമതി.
ഐഫോൺ 15, 16 മോഡലുകളാണ് ടാറ്റയുടെ കയറ്റുമതിയിൽ ഉൾപ്പെടുന്നത്.
അമേരിക്കയിലേയ്ക്ക് മാർച്ചിൽ ഫോക്‌സ്‌കോൺ നടത്തിയ എല്ലാ കയറ്റുമതികളും ചെന്നൈ എയർ കാർഗോ ടെർമിനലിൽ നിന്ന് വിമാനമാർഗമായിരുന്നുവെന്നാണ് കസ്റ്റംസ് ഡാറ്റകളിൽ നിന്ന് പുറത്ത് വരുന്ന റിപ്പോർട്ട്.
അതേസമയം ലോസ് ഏഞ്ചൽസ്, ന്യൂയോർക്ക് എന്നിവയുൾപ്പെടെ വിവിധ സ്ഥലങ്ങളിലേയ്ക്കാണ് ഇവ കയറ്റി അയച്ചത്. ഇതിൽ ഭൂരിഭാഗവും എത്തിച്ചേർന്നത് ചിക്കാഗോയിലാണെന്നും കസ്റ്റംസ് ഡാറ്റ വ്യക്തമാക്കുന്നു.
കയറ്റുമതി വേഗത്തിലാക്കാൻ ചെന്നൈ വിമാനത്താവളത്തിലെ കസ്റ്റംസ് ക്ലിയറൻസ് സമയം 30 മണിക്കൂറിൽ നിന്ന് ആറ് മണിക്കൂറായി കുറയ്ക്കാൻ ആപ്പിൾ വിമാനത്താവള അധികൃതരോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്.