
ന്യൂഡൽഹി: പ്രതിദിന ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിൽ പുതിയ റെക്കോർഡ് പിറന്നു. ഞായറാഴ്ച മാത്രം രാജ്യത്തെ ആഭ്യന്തര സർവീസുകളിൽ യാത്ര ചെയ്തത് 5.3 ലക്ഷം പേരാണ്.
ഒരു വർഷത്തെ ശരാശരി പ്രതിദിന യാത്രക്കാരുടെ എണ്ണം വച്ചുനോക്കുമ്പോൾ 18 ശതമാനത്തിന്റെ വർധന. പ്രതിദിന ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം ചരിത്രത്തിലാദ്യമായി 5 ലക്ഷം കടന്നത് കഴിഞ്ഞ നവംബറിലാണ്.
അതിനു മുൻപ് ഏറ്റവും കൂടുതൽ യാത്രക്കാരുണ്ടായിരുന്നത് ഒക്ടോബർ 14നാണ്, 4.84 ലക്ഷം പേർ. കോവിഡിനു ശേഷം 2022 ഏപ്രിൽ 17നാണ് പ്രതിദിന യാത്രക്കാരുടെ എണ്ണം 4 ലക്ഷം കടന്നത്.
യാത്രക്കാരിൽ 90 ശതമാനത്തിലേറെയും ഇൻഡിഗോയിലും ടാറ്റ ഗ്രൂപ്പ് എയർലൈനുകളിലുമാണ് (എയർ ഇന്ത്യ, വിസ്താര, എയർ ഇന്ത്യ എക്സ്പ്രസ്) യാത്ര ചെയ്യുന്നതെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വർഷമാകെ രാജ്യത്തെ ആഭ്യന്തര വിമാനറൂട്ടുകളിൽ സഞ്ചരിച്ചത് 16.13 കോടി യാത്രക്കാരാണ്.
പ്രതിവർഷ യാത്രക്കാരുടെ എണ്ണത്തിലും ഇത് പുതിയ റെക്കോർഡ് ആയിരുന്നു. ഇതനുസരിച്ച് പ്രതിദിനം ശരാശരി 4.42 ലക്ഷം പേർ ആഭ്യന്തര സർവീസുകളിൽ യാത്ര ചെയ്തിട്ടുണ്ട്.