ദില്ലി: യുണിഫൈഡ് പേയ്മെന്റ്‌സ് ഇന്റർഫെയ്‌സ് (യുപിഐ) വഴിയുള്ള പണമിടപാടുകൾ 782 കോടി കടന്നു. ഡിസംബറിൽ മാത്രം യുപിഐയിലൂടെ നടന്നത്12.82 ലക്ഷം കോടി രൂപയുടെ ഇടപാട്.
രാജ്യത്തെ റീട്ടെയിൽ ഡിജിറ്റൽ പേയ്‌മെന്റുകളുടെ കുടക്കീഴിലുള്ള സ്ഥാപനമായ നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) പുറത്തുവിട്ട കണക്കുകൾ പ്രകാരം ഡിസംബറിലെ ഇടപാടുകളുടെ അളവ് നവംബറിനെ അപേക്ഷിച്ച് 7.12 ശതമാനം ഉയർന്നു, അതേസമയം ഇടപാടുകളുടെ മൂല്യം 7.73 ശതമാനം ഉയർന്നു.
ഈ വർഷം ഒക്ടോബറിൽ യുപിഐ വഴിയുള്ള പേയ്‌മെന്റുകൾ 12 ലക്ഷം കോടി രൂപ കടന്നിരുന്നു. നവംബറിൽ യുപിഐ വഴി 11.90 ലക്ഷം കോടി രൂപയുടെ 730.9 കോടി ഇടപാടുകൾ നടന്നു.
കഴിഞ്ഞ രണ്ട് വർഷമായി UPI ഇടപാടുകളുടെ എണ്ണവും മൂല്യവും ഉയരുന്നുണ്ട്. പകർച്ചവ്യാധി പടർന്നുപിടിച്ച സമയങ്ങളിൽ ‘കോണ്ടാക്ട് ലെസ്സ്’ ഇടപാടുകൾ വര്ധിച്ചതോടു കൂടി യുപിഐ ഇടപാടുകളുടെ സാധ്യത ഉയർന്നു.
2022ൽ 125.94 ട്രില്യൺ രൂപ മൂല്യമുള്ള 74 ബില്യണിലധികം ഇടപാടുകൾ യുപിഐ വഴി നടന്നതായി എൻപിസിഐയുടെ കണക്കുകൾ വ്യക്തമാക്കുന്നു. 2021ൽ യുപിഐ വഴി 71.54 ട്രില്യൺ മൂല്യമുള്ള 38 ബില്യൺ ഇടപാടുകൾ നടത്തി. ഒരു വർഷത്തിനുള്ളിൽ, ഇടപാടുകളുടെ അളവ് 90 ശതമാനത്തിലധികം കുതിച്ചുയരുകയും മൂല്യം 76 ശതമാനം കുതിക്കുകയും ചെയ്തു.
2016-ൽ ആരംഭിച്ച് ഏകദേശം മൂന്ന് വർഷത്തിന് ശേഷം, 2019 ഒക്ടോബറിൽ യുപിഐ ഇടപാടുകൾ ആദ്യത്തെ 100 കോടി കടന്നു. അതിനുശേഷം, അതിവേഗമാണ് ഇടപാടുകൾ വർധിച്ചത്. ഒരു വർഷത്തിനുള്ളിൽ, 2020 ഒക്ടോബറിൽ, ഇത് 200 കൊടിയിലധികമായി.